
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ നിയമിക്കുകയും ചൈനയില്‍ ഫാക്ടറികള്‍ പണിയുകയും ചെയ്യുന്ന ടെക്ക് കമ്പനികളെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. തന്റെ ഭരണത്തിന് കീഴില്‍ അത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള എഐ മത്സരത്തില്‍ യുഎസ് ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഐ ആക്ഷന്‍ പ്ലാന്‍ ആവിഷ്‌കരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.ഉന്നത ടെക് എക്‌സിക്യൂട്ടീവുകളേയും നിക്ഷേപകരേയും അഭിസംബോധന ചെയ്ത് സംസാരിച്ച ട്രംപ്, ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതിനെ സിലിക്കണ്‍ വാലിയുടെ ‘തീവ്രമായ ആഗോളവല്‍ക്കരണം’ എന്ന് വിശേഷിപ്പിച്ചു.
വിദേശത്ത് ജോലികള്‍ ഔട്ട്സോഴ്സ് ചെയ്യുമ്പോള്‍ പ്രധാന യുഎസ് ടെക് സ്ഥാപനങ്ങള്‍ അമേരിക്കന്‍ സ്വാതന്ത്ര്യങ്ങളെ ചൂഷണം ചെയ്യുകയാണ്.
‘നമ്മുടെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ പലതും ചൈനയില്‍ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിലൂടെയും, ഇന്ത്യയില്‍ തൊഴിലാളികളെ നിയമിക്കുന്നതിലൂടെയും, അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങള്‍ കൊയ്തിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
‘അമേരിക്കയ്ക്ക് വേണ്ടി പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന യുഎസ് ടെക്‌നോളജി കമ്പനികള്‍ നമുക്ക് ആവശ്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.