മുംബൈ: കഴിഞ്ഞ ഒന്നര വർഷത്തിനിടെ എത്തനോൾ നിർമാണ ശേഷി ഇരട്ടിയിലേറെ വർധിപ്പിച്ച ത്രിവേണി എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രീസ് ഈ സാമ്പത്തിക വർഷം 210 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി ഉത്തർപ്രദേശിലെ ഖതൗലി, ദിയോബന്ദ്, സബിത്ഗഢ് എന്നിവിടങ്ങളിലെ മൂന്ന് പഞ്ചസാര യൂണിറ്റുകളുടെ നവീകരണത്തിനായി കമ്പനി 130 കോടി രൂപ നിക്ഷേപിക്കുമെന്ന് ത്രിവേണി എഞ്ചിനീയറിംഗ് പറഞ്ഞു. ശുദ്ധീകരിച്ച പഞ്ചസാരയെക്കാൾ ഗണ്യമായ പ്രീമിയം ലഭിക്കുന്ന ഫാർമസ്യൂട്ടിക്കൽ-ഗ്രേഡ് പഞ്ചസാരയ്ക്കുള്ള ശേഷി ഇരട്ടിയാക്കാൻ ഇത് കമ്പനിയെ സഹായിക്കും. കമ്പനിയുടെ മൊത്തം ഉൽപാദനത്തിൽ ശുദ്ധീകരിച്ച പഞ്ചസാരയുടെ വിഹിതം 40 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്താനും ഈ നിക്ഷേപം സഹായിക്കും.
ഈ നിക്ഷേപത്തിന് പുറമെ ആധുനികവൽക്കരണം, വിപുലീകരണം, യന്ത്രസാമഗ്രികൾ വാങ്ങൽ എന്നിവയ്ക്കായി തങ്ങളുടെ പവർ ട്രാൻസ്മിഷൻ ബിസിനസിൽ 80 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. പവർ ട്രാൻസ്മിഷൻ ബിസിനസ്സ് അതിന്റെ എക്കാലത്തെയും ഉയർന്ന വാർഷിക വരുമാനവും ലാഭത്തിൽ 57% വർദ്ധനയും 2022 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയിരുന്നു. പുതിയ നിക്ഷേപം ഈ മുന്നേറ്റം തുടരാൻ തങ്ങളെ സഹായിക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു. ഈ ബിസിനസ്സിന് കഴിഞ്ഞ മാർച്ച് 31 വരെ 221 കോടി രൂപയുടെ ഓർഡർ ബുക്ക് ഉണ്ട്.
ഏകദേശം 350 കോടി രൂപ മുതൽമുടക്കിൽ ഈ മാസം ആദ്യം ത്രിവേണി അതിന്റെ എത്തനോൾ നിർമ്മാണ ശേഷി പ്രതിദിനം 320 കിലോ ലിറ്ററിൽ നിന്ന് (കെഎൽപിഡി) 520 കെഎൽപിഡി ആയി ഉയർത്തിയിരുന്നു. നടന്നുകൊണ്ടിരിക്കുന്ന രണ്ട് വിപുലീകരണ പദ്ധതികൾ പൂർത്തിയാകുമ്പോൾ അടുത്ത മാസത്തോടെ ഇത് 660 കെഎൽപിഡി ആയി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഇത് രാജ്യത്തെ മുൻനിര എത്തനോൾ നിർമ്മാതാക്കളിൽ ഒന്നായി കമ്പനിയെ മറ്റും.