
കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് പുതിയ വെല്ലുവിളി സൃഷ്‌ടിച്ച് ഒക്‌ടോബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി റെക്കാഡ് ഉയരത്തിലെത്തി. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് ഇറക്കുമതിയും കയറ്റുമതിയുമായുള്ള വിടവായ വ്യാപാര കമ്മി ഒക്ടോബറിൽ 4,200 കോടി ഡോളറായാണ് (3.7 ലക്ഷം കോടി രൂപ) ഉയർന്നത്.
മൊത്തം ഉത്പന്ന ഇറക്കുമതി കഴിഞ്ഞ മാസം 16.63 ശതമാനം ഉയർന്ന് 7,606 കോടി ഡോളറിലെത്തി(6.69 ലക്ഷം കോടി രൂപ). അതേസമയം ഉത്പന്ന കയറ്റുമതി ഇക്കാലയളവിൽ 11.8 ശതമാനം ഇടിഞ്ഞ് 3,438 കോടി ഡോളറായി(3.03 ലക്ഷം കോടി രൂപ).
സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിലുണ്ടായ കുതിപ്പാണ് തിരിച്ചടിയായത്. അമേരിക്കയിലേക്കുള്ള കയറ്റുമതി 690 കോടി ഡോളറിൽ നിന്ന് 630 കോടി ഡോളറിലെത്തി.
നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ കയറ്റുമതി 0.63 ശതമാനം ഉയർന്ന് 25,425 കോടി ഡോളറിലെത്തി, ഇറക്കുമതി 6.37 ശതമാനം വർദ്ധിച്ച് 45,108 കോടി ഡോളറായി.






