
ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന റിപ്പോർട്ട് പുറത്തിറക്കി, പോയ മാസം കമ്പനി ആകെ 31,091 യൂണിറ്റുകൾ വിറ്റു. ഇതിൽ 27,089 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുകയും 4,002
യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ ബലത്തിൽ ഇന്ത്യയിൽ നിന്നും പണംവാരുകയാണ് ടൊയോട്ട. ഓരോ മാസവും വിൽപ്പന കൂടിക്കൂടി വരുന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ 2025 സെപ്റ്റംബർ മാസത്തിലും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം മൊത്തം 31,091 കാറുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 16 ശതമാനം വർധനവാണ് കച്ചോടത്തിൽ നേടിയെടുത്തിരിക്കുന്നതെന്ന് സാരം. 2024 സെപ്റ്റംബറിൽ കമ്പനി 26,847 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ, 2025 സെപ്റ്റംബറിൽ ഈ കണക്ക് 31,091 യൂണിറ്റുകളായി വർദ്ധിച്ചു. അതായത്, കമ്പനി 16 % വാർഷിക വളർച്ച രേഖപ്പെടുത്തി.
2025 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ടൊയോട്ട കിർലോസ്കർ മോട്ടോർസ് ഇന്ത്യ 1,84,959 വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ വിപണനം ചെയ്‌ത 1,62,623 യൂണിറ്റുകളെ അപേക്ഷിച്ച് 14 ശതമാനം വർധനവാണ്.