
ഇടുക്കി: കേരളത്തെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031 ലോകം കൊതിക്കും കേരളം’ എന്ന സെമിനാർ നാളെ കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടക്കും. സംസ്ഥാന വിനോദസഞ്ചാര വികസന സമിതിയുടെ സഹകരണത്തോടെയാണ് പരിപാടി. വിനോദസഞ്ചാര മേഖലയിലെ പ്രമുഖർ, വിദേശ പ്രതിനിധികൾ, വ്യവസായ രംഗത്തെ പ്രമുഖർ, പ്രൊഫഷണലുകൾ, യുവ സംരംഭകർ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന ഈ സെമിനാറിൽ വിനോദസഞ്ചാര മേഖലയുടെ ഭാവിയെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ നടക്കും.
സമ്പൂർണ സുരക്ഷ, ശുചിത്വം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങൾ മുതൽ ഭാവിയിൽ വിനോദസഞ്ചാര മേഖലയുടെ സാമൂഹിക അടിത്തറയുടെ ആവശ്യകതയെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യും. വിനോദസഞ്ചാര മേഖലയുടെ സുസ്ഥിരമായ വികസനത്തെയും പ്രോത്സാഹനത്തെയും സഹായിക്കുന്നതാണ് ഈ സെമിനാറുകൾ. വിനോദസഞ്ചാര മേഖലയിലെ പ്രധാന വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിനൊപ്പം, ഉത്തരവാദിത്ത വിനോദസഞ്ചാരം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിനോദസഞ്ചാരം, അനുഭവ വിനോദസഞ്ചാരം, പുനരുജ്ജീവന വിനോദസഞ്ചാരം, ഡിസൈന്‍ പോളിസിയ്ക്ക് അപ്പുറം, വിനോദസഞ്ചാര വിദ്യാഭ്യാസവും നൈപുണ്യശേഷി വികസനവും, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ രൂപകല്പന-വെല്ലുവിളികളും അവസരങ്ങളും, പുതിയ വിനോദസഞ്ചാര സാങ്കേതികവിദ്യകള്‍, പൈതൃക-സാംസ്ക്കാരിക-ആത്മീയ വിനോദസഞ്ചാരം, ബിസിനസ് നവീകരണവും നിക്ഷേപ സാധ്യതകളും സാഹസിക വിനോദസഞ്ചാരം, മറ്റ് അനുബന്ധ ഉത്പന്നങ്ങൾ തുടങ്ങിയവയുമാണ് സെമിനാറിലെ ചർച്ചാ വിഷയങ്ങൾ. ഈ സെമിനാറുകളിലൂടെ ഉരുത്തിരിയുന്ന വിനോദസഞ്ചാര മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളും വകുപ്പിന്റെ തുടർ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകാനാണ് ഉദ്ദേശിക്കുന്നത്.






