
ന്യൂഡൽഹി: ആദായ നികുതിയായും ജിഎസ്ടിയായും രാജ്യത്ത് നികുതി കുടിശികയായി കിടക്കുന്നത് 54.53 ലക്ഷം കോടി രൂപ. ഇക്കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള കണക്കാണിത്.
ജിഎസ്ടി ഇനത്തിലുള്ള നികുതി (ഇന്‍ഡയറക്ട് ടാക്‌സ്) കുടിശികയേക്കാള്‍ ഏറെ കൂടുതലാണ് വ്യക്തികള്‍ അടക്കേണ്ട ആദായനികുതി (ഡയറക്ട് ടാക്‌സ്) കുടിശിക. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.
ആദായ നികുതി ഇനത്തില്‍ പിരിച്ചെടുക്കാനുള്ളത് 47.52 ലക്ഷം കോടി രൂപയാണ്. ഇതില്‍ 35.48 ലക്ഷം കോടി ലഭിക്കാനുള്ളത് 10 കോടി രൂപക്ക് മുകളിലുള്ള അക്കൗണ്ടുകളില്‍ നിന്നാണ്. ജിഎസ്ടി അനുബന്ധ നികുതി ഇനത്തില്‍ 7.01 കോടി രൂപയാണ് കുടിശിക. ഇതില്‍ 2.66 ലക്ഷം കോടി രൂപ 10 കോടി രൂപക്ക് മുകളിലുള്ള അക്കൗണ്ടുകളാണ്.
ഇന്‍ഡയറക്ട് ടാക്‌സ് കുടിശികയില്‍ 3.71 ലക്ഷം കോടി നിയമ തര്‍ക്കങ്ങളില്‍ പെട്ട് കിടക്കുന്നതാണ്. ആദായ നികുതിയില്‍ 31.26 ലക്ഷം കോടി രൂപയുടെ നിയമ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.