
കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്നതിന് കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കരാറായി. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന് കീഴില്‍ കണ്ണൂരിലും ചേര്‍ത്തലയിലുമാണ് ഇവ വരുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാളിലെ സ്വന്തം സ്ഥലത്താണ് കെ.എസ്.ആര്‍.ടി.സി പൊളിക്കല്‍ കേന്ദ്രം സ്ഥാപിക്കുക. ആറ് മാസത്തിനുള്ളില്‍ ഇവിടെ വാഹനം പൊളിക്കല്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്രനയം അനുസരിച്ചാണ് സംസ്ഥാനങ്ങളില്‍ അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി രജിസ്‌ട്രേഷന്‍ റദ്ദാക്കി വേണം വാഹനം പൊളിക്കേണ്ടത്.
അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ വരുന്നതോടെ ഉടമയ്ക്ക് രേഖകള്‍ സഹിതം വാഹനം പൊളിക്കാന്‍ കൊടുക്കാം. ഉടന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്( വാഹനം പൊളിച്ചതിനുള്ള സാക്ഷ്യപത്രം) ലഭിക്കും. ഇത് ഹാജരാക്കിയാല്‍ പുതിയ വാഹനമെടുക്കുമ്പോള്‍ 10 മുതല്‍ 15 ശതമാനം വരെ നികുതി ഇളവും 50 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും.
പഴയ വാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് പുതിയ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവ് നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഉപയോക്താക്കള്‍ക്ക് അധിക ജി.എസ്.ടി ഇളവ് അനുവദിക്കാന്‍ പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇതിലൂടെ കമ്പനികള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ ഗുണം ലഭിക്കും. നിലവില്‍ 16,830 വാഹനങ്ങളാണ് പ്രതിമാസം പൊളിക്കുന്നത്. ഈ മേഖലയില്‍ സ്വകാര്യ മേഖല 2,700 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കേന്ദ്രത്തില്‍ പൊളിക്കാനെത്തുന്ന വാഹനങ്ങളുടെ വിലയുടെ 3.26 ശതമാനം തുക സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. കൂടാതെ വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച 150 കോടി രൂപയും സര്‍ക്കാരിനുള്ളതാണ്. ഇത്തരം കേന്ദ്രങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ തന്നെ 83 കോടി രൂപ അനുവദിച്ചിരുന്നു.
മാത്രവുമല്ല പൊളിക്കുന്ന ഓരോ വാഹനത്തിനും 5,000 രൂപ പ്രത്യേകമായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുകയും ചെയ്യും. ആദ്യ 50,000 വാഹനങ്ങള്‍ കഴിഞ്ഞാല്‍ പിന്നീടിത് 6,000 രൂപ വീതമായി വര്‍ധിക്കുകയും ചെയ്യും.