തിരുവനന്തപുരം: കേരളത്തില് ആണവ വൈദ്യുത നിലയം സ്ഥാപിക്കാന് സംസ്ഥാനസര്ക്കാര് ആലോചിക്കുന്നു. വൈദ്യുതിമന്ത്രി കെ.കൃഷ്ണന്കുട്ടി കേന്ദ്രമന്ത്രി ആര്.കെ.സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില് ഇതടക്കമുള്ള ആവശ്യങ്ങള് മുന്നോട്ടുവച്ചു.
നിലവില് തമിഴ്നാട്ടിലെ കല്പ്പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന തോറിയം അധിഷ്ഠിത വൈദ്യുതനിലയം സ്ഥാപിച്ചിട്ടുണ്ട്. ഭാഭ ആറ്റമിക് റിസര്ച് സെന്റര് (ബാര്ക്) ആണ് ഇത് വികസിപ്പിച്ചെടുത്തത്.
ഈ സാങ്കേതിക വിദ്യയില് പ്രവര്ത്തിക്കുന്ന തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടാഴ്ച മുന്പ് ഡല്ഹിയില് നടന്ന ഊര്ജമന്ത്രിമാരുടെ യോഗത്തിലും തോറിയത്തെക്കുറിച്ച് കേരളം പരാമര്ശിച്ചിരുന്നു. അന്ന് കേരളത്തില്നിന്ന് ഖനനം ചെയ്തെടുക്കുന്ന തോറിയം കല്പാക്കത്തെ ആണവ കേന്ദ്രത്തില് എത്തിക്കുന്നതിന്റെ സാധ്യതകളാണ് കേരളം പരാമര്ശിച്ചത്.
ഇതിന് കേന്ദ്ര ഊര്ജ മന്ത്രാലയം അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്.
നിലവില് ഗുണനിലവാരമുള്ള തോറിയം കേരള തീരത്തു കാര്യമായുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. തോറിയം അധിഷ്ഠിത ആണവ നിലയം വരുന്നതിന് വലിയ പ്രതിസന്ധികള് മറികടക്കേണ്ടതുണ്ട്.
പരിസ്ഥിതി വാദികളുടെ അടക്കം എതിര്പ്പുകള് സര്ക്കാരിന് നേരിടേണ്ടി വന്നേക്കാം. കേരളത്തില് നിലവില് ആണവോര്ജ നിലയമില്ല. ആണവ വൈദ്യുത നിലയങ്ങളോട് സംസ്ഥാനത്ത് പൊതുവായി എതിര്പ്പുയരുന്ന സാഹചര്യമാണ് ഉള്ളത്. ഇത് മറികടക്കുകയും അനുയോജ്യമായൊരു സ്ഥലം കണ്ടെത്തുകയുമാണ് പിന്നീട് വേണ്ടത്.
ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരള തീരത്തെ കരിമണലില് രണ്ടുലക്ഷം ടണ് തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്തില്വച്ച് ഏറ്റവും നിലവാരമുള്ള തോറിയം നിക്ഷേപമുള്ള മണലും കേരളത്തിലേതാണ്.
ഇത് വേര്തിരിച്ചെടുത്ത് കല്പ്പാക്കം ആണവ നിലയത്തില് എത്തിച്ചാലും കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാകും. ആണവ നിലയത്തിന് നിരവധി കടമ്പകള് കടക്കേണ്ടതുണ്ടെങ്കിലും കുറഞ്ഞ നിരക്കില് വൈദ്യുതി ഉത്പാദിപ്പിക്കാന് കല്പ്പാക്കം ആണവ നിലയത്തിന് കേരളത്തില് നിന്നുള്ള തോറിയം സഹായകമാകും.
നിലവിലെ സാഹചര്യത്തില് തോറിയം ഉപയോഗിക്കുന്ന ആണവ നിലയങ്ങള് വ്യാവസായികാടിസ്ഥാനത്തില് വന്തോതില് വ്യാപകമാകാന് കാലതാമസമെടുക്കും.