
സെബിൻ പൗലോസ്
അമേരിക്കയുടെ ക്രൂര തീരുവ തൽക്കാലം ഇന്ത്യൻ കയറ്റുമതിയുടെ നട്ടെല്ലൊടിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. യുഎസ് ഇക്കാര്യത്തിൽ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കാമെങ്കിലും ഏതു തലം വരെ എന്ന് ഉറപ്പിക്കാൻ ഇപ്പോൾ കഴിയുകയുമില്ല.
ഇന്ത്യൻ കയറ്റുമതിയുടെ മുഖ്യപങ്ക് യുഎസിലേക്ക് ആയതുകൊണ്ട് ഒരു ബദൽ പൊടുന്നനെ അസാധ്യവുമാണ്. എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ഗുഡ്‌സുകൾ, ഫാർമ, ജ്വല്ലറി, റെഡിമെയ്ഡ് അപ്പാരൽ, കെമിക്കൽസ്, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയാണ് ഐടി മാറ്റി നിറുത്തിയാൽ ഇന്ത്യ യുഎസിലേക്ക് മുഖ്യമായും കയറ്റി അയക്കുന്നത്. മത്സ്യം, സ്‌പൈസ് എന്നിവ പിന്നാലെ വരും.
ഇവയിൽ ആഘാതത്തിന്റെ തോത് നോക്കിയാൽ ആദ്യ സ്ഥാനങ്ങളിൽ വരുന്നത് ടെക്സ്റ്റൈൽ, ജ്വല്ലറി, കെമിക്കൽസ്, അപ്ലയൻസസ്, ഫർണീച്ചർ, കാർപറ്റ്, സീഫുഡ് എന്നിവയാണ്.
സേവന മേഖലക്ക് പുതിയ താരിഫ് ബാധകമല്ല. അതുകൊണ്ട് ഐടിയെ ബാധിക്കില്ല. ഫാർമ, ഊർജോത്പന്നങ്ങൾ, നിർണായക ധാതുക്കൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
പുതിയ സാഹചര്യത്തിൽ ജിഡിപിക്ക് ഉണ്ടാകാവുന്ന തിരിച്ചടി 0.19 ആയിരിക്കുമെന്ന് കണക്കാക്കുന്നു.
അടുത്തിടെ ഒപ്പുവച്ച ഇന്ത്യ – യുകെ വ്യാപാര കരാർ ഈ പശ്ചാത്തലത്തിൽ ഇന്ത്യക്കു പിടിച്ചു നിൽക്കാൻ സഹായിക്കും. യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കാനിരിക്കുന്ന കരാർ ഏറെ പ്രാധാന്യമുള്ളതാണ്. അത് അതിവേഗം വേണ്ടി വരും.
നമ്മുടെ കയറ്റുമതി മേഖലക്ക് അല്ലെങ്കിൽ വിദേശ വ്യാപാര മേഖലയ്ക്ക് കോവിഡ് ആയിരുന്നു മുൻപേയുണ്ടായ വലിയ തിരിച്ചടി. യുഎസ് താരിഫ് ഷോക്ക് നമ്മെ നന്നായി കണ്ണ് തുറപ്പിക്കേണ്ടതാണ്.

വിദേശ അവസരങ്ങൾ ഉപയോഗിക്കുന്നതിൽ വളരെ പിന്നിലാണ് പൊതുവെ ഇന്ത്യൻ ബിസിനസ് ലോകം. സുരക്ഷിതമായ വിപണികളിലേക്ക് മാത്രം നോക്കിയിരിക്കുന്നവർ.
അതി വൈവിധ്യ വിഭവശേഷിയുടെ പുറത്ത് അലസമായി ഇരിക്കുകയാണ് നമ്മൾ പലപ്പോഴും. പുതിയ വിപണികളും സാധ്യതകളും പരീക്ഷിക്കുന്നതിൽ ഉത്സാഹക്കുറവ് ഏറെക്കാലമായുണ്ട്.
ഓർക്കണം നമ്മൾ ബ്രിട്ടീഷ് ഇന്ത്യക്ക് മുൻപ് എത്ര സഹസ്രാബ്ദങ്ങൾ ലോക സമ്പദ്ഘടനയെ നിയന്ത്രിച്ചവരാണ്.
ആഗോള ചരക്കു നീക്കത്തിന്റെ നാലിലൊന്ന് കൈവശം വച്ചിരുന്നു. അന്ന് ഐടി ഇല്ല, ഫാർമ ഇല്ല, ഓയിൽ ഇല്ല. ബ്രട്ടീഷുകാർ ഈ സമ്പത്തൊക്കെ ചേർത്തുവച്ചല്ലേ ലോക ശക്തിയായി വളർന്നത്.
വിഭവശേഷി വൈവിധ്യവും, സവിശേഷ (Unique) വിഭവങ്ങളും ആണ് എക്കാലത്തും ഇന്ത്യയുടെ കരുത്ത്. 25 വയസിൽ താഴെയുള്ള യുവാക്കൾ ജനസംഖ്യയുടെ 50 ശതമാനത്തിനടുത്തുള്ള രാജ്യം. ലോകത്തെ എല്ലാ കോണുകളിലേക്കും കുടിയേറിയിട്ടുള്ള ജനത. പല രാജ്യങ്ങളിലും അവിടുത്തെ തദ്ദേശീയ ജനതയെക്കാൾ എണ്ണക്കൂടുതൽ ഉള്ളവർ. ലോകത്തെ എണ്ണപ്പെട്ട കോർപ്പറേറ്റുകളുടെ തലപ്പത്തെ ഒരിക്കലും അവഗണിക്കാനാകാത്ത പ്രതിനിധ്യം.
നമ്മൾ ഇന്ത്യയെ കണ്ടെത്താനുള്ള, അതിൻ്റെ യഥാർത്ഥ ശേഷിയെ തിരിച്ചറിയാനുള്ള ഒരു അവസരമായി ഇപ്പോഴത്തെ പ്രതിസന്ധിയെ കാണണം.
കോവിഡ് കാലത്തെ ചൈനയിലേക്കുള്ള ഞണ്ട് കയറ്റുമതി ഓർക്കുക. അറബിക്കടലിലെ ചാളയോളം രുചിയും ഔഷധഗുണവുമുള്ള മീൻ മറ്റെവിടെ കിട്ടും. തണുപ്പിൽ മുറിയിൽ വിരിക്കാൻ കയർ മാറ്റിനേക്കാൾ പറ്റിയ മറ്റെന്തുണ്ട്. ചക്കയെ, ചക്കയുല്പന്നങ്ങളെ നമുക്ക് എവിടെയാണ് വിൽക്കാൻ കഴിയാത്തത്. വാഴക്കുളം പൈനാപ്പിൾ വച്ച് ഫിലിപ്പിനോ പൈനാപ്പിളിന് ചെക്ക് വയ്ക്കാം.
കാനഡയും, ഓസ്‌ട്രേലിയയും, യുകെയും, യൂറോപ്പും, മിഡിലീസ്റ്റും ഇന്ത്യക്കാരും ഏഷ്യക്കാരും നിറയുമ്പോൾ നമ്മുടെ ഏത് ഉല്പന്നങ്ങൾക്കും വിപണി തുറക്കും. തനത് ഉത്പന്നങ്ങളും അവയുടെ മൂല്യ വർധിത വിഭവങ്ങളും കൊണ്ട് ചൈന, റഷ്യ, സിഐഎസ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക വിപണികളിലേക്ക് പോകാം. ഇന്ത്യൻ ഐടി കമ്പനികൾ അമേരിക്കൻ മാർക്കറ്റിൽ മാത്രം ഊന്നിയപ്പോൾ സോഹോ കാട്ടിയ അത്ഭുതമില്ലേ- ആഫ്രിക്കയിലെ ഏറ്റവും വലിയ ടെക് സൊല്യൂഷൻ പ്രൊവൈഡറായുള്ള അവരുടെ വളർച്ച മാതൃകാപരം.
അമേരിക്കൻ ചുങ്കമതിൽ തൽക്കാലം പ്രതിസന്ധി തന്നെ. പക്ഷെ അവിടെ നമ്മൾ തട്ടി നിൽക്കരുത്. ഇത് ഇന്ത്യയുടെ ദശകമാണ്. ഒരു ശക്തിക്കും ഇന്ത്യയുടെ മുന്നേറ്റത്തെ തടയാൻ കഴിയില്ല. നമ്മുടെ പ്രതീക്ഷ മുഴുവൻ വൈവിധ്യ വിഭവങ്ങളിലും, യുവത്വം നയിക്കുന്ന കരുത്തുറ്റ മനുഷ്യ ശേഷിയിലുമാണ്.