
പാലക്കാട്: സംസ്ഥാനത്ത് പാലക്കാട് അടക്കമുള്ള ജില്ലകളിൽ നടപ്പാക്കുന്ന ചെറുകിട ജലവൈദ്യുത നിലയങ്ങളുടെ സാങ്കേതികശേഷി ഉയർത്തുന്നതിന് എനർജി മാനേജ്മെന്റ് സെന്റർ വഴി കൂടുതൽ തുക അനുവദിക്കും.
ജലശക്തി ഉപയോഗിച്ച് കനാലിൽനിന്ന് വൈദ്യുതി ഉത്പാദിക്കുന്ന പാലക്കാട് മൂലത്തറയിലെ ഹൈഡ്രോ കൈനറ്റിക് വൈദ്യുത പദ്ധതിക്കും സാങ്കേതിക സഹായം ലഭ്യമാകും. നിലവിൽ നടപ്പാക്കിവരുന്ന പദ്ധതികളുടെ സങ്കേതിക പ്രശ്നങ്ങൾ അടക്കം പരിഹരിക്കുന്നതിന് 39.79 ലക്ഷം രൂപയും അനുവദിച്ചു.
പാലക്കാട് മൂലത്തറ ഇടതുകര കനാലിൽ ജലചക്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈഡ്രോ കൈനറ്റിക് പദ്ധതിയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് കൈമാറുന്നതിനുള്ള സാങ്കേതിക സൗകര്യം ഒരുക്കാനും നടപടിയുണ്ടാകും.
23 ലക്ഷം രൂപ ചെലവിൽ നിർമിച്ച സംവിധാനത്തിലൂടെ ദിനംപ്രതി 240 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. സാധാരണ ഗ്രിഡിലേക്ക് ഈ വൈദ്യുതി കൈമാറുന്നതിന് സ്വയംനിയന്ത്രിത വോൾട്ടേജ് റഗുലേറ്റർ (എവിആർ) സംവിധാനം ആവശ്യമാണ്. ഇത് സ്ഥാപിക്കുന്നതുവരെ പ്രദേശത്തെ വീടുകളിലേക്ക് വൈദ്യുതി എത്തിച്ചുനൽകുന്നതിനാണ് തീരുമാനം. നിലവിലുള്ള ഇൻവെർട്ടർ സംവിധാനം പരിഷ്കരിക്കുന്നതിനും നടപടിയുണ്ടാവും.
2022-ലെ കേരള ചെറുകിട ജലവൈദ്യുത പ്ലാൻ പ്രകാരം 2030 ഓടെ 500 മെഗാവാട്ട് വൈദ്യുതി ചെറുകിടനിലയങ്ങൾ വഴി ഉത്പാദിപ്പിക്കാനാണ് തീരുമാനിച്ചത്. കോഴിക്കോട് ജില്ലാപഞ്ചായത്തിന് കീഴിലെ അരിപ്പാറ നിലയം(4.5 മെഗാവാട്ട്), മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പാറത്തോട് പദ്ധതി(300 കിലോ വാട്ട്), അതിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിലെ വാളയറക്കുത്ത്(500 കിലോ വാട്ട്), പിള്ളപ്പാറത്തോട് (500 കിലോവാട്ട്), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് നടപ്പാക്കുന്ന ബാരാപോൾ നിലയം(21 മെഗാവാട്ട്), അമരമ്പലം ഗ്രാമപ്പഞ്ചായത്തിന്റെ കോട്ടപ്പുഴ പദ്ധതി തുടങ്ങിയവ മെച്ചപ്പെട്ട ഉത്പാദനസാധ്യത കണക്കാക്കുന്നവയാണ്.
ഇവ അടക്കമുള്ള പദ്ധതികൾക്ക് സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കും. 2025-26 ബജറ്റിൽ രണ്ടുകോടി രൂപ ചെറുകിട ഹൈഡൽ പദ്ധതികളുടെ വികസനത്തിന് മാത്രമായി നീക്കിവെച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.






