Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

രാജ്യത്തെ ടെലികോം മേഖല വീണ്ടും കലുഷിതമാകുന്നു

കൊച്ചി: ക്രമീകരിച്ച മൊത്തം വരുമാനത്തിന് (എ.ജി.ആർ) മേല്‍ ചുമത്തിയ പിഴയും പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ കമ്പനികള്‍ നല്‍കിയ ഹർജി സുപ്രീം കോടതി തള്ളിയതോടെ രാജ്യത്തെ ടെലികോം മേഖല വീണ്ടും കലുഷിതമാകുന്നു.

പരാതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കമ്പനികളുടെ നടപടി ശരികേടാണെന്നും ജസ്‌റ്റീസുമാരായ ജെ.ബി പാർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഭാരതി എയർടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ നിലനില്‍പ്പ് സംബന്ധിച്ച്‌ ആശങ്കകള്‍ ശക്തമായി. അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വോഡഫോണ്‍ ഐഡിയ നീങ്ങുന്നത്.

ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറയുന്നതും ദൈനദിന പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ പണമില്ലാത്തതുമാണ് കമ്പനിക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കില്‍ നടപ്പു സാമ്പത്തികവർഷം പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം വോഡഫോണ്‍ ഐഡിയ വ്യക്തമാക്കിയിരുന്നു.

സർക്കാരിന് നല്‍കാനുള്ളത് 1.95 ലക്ഷം കോടി രൂപ
സ്പെക്‌ട്രം വാടക, അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യു(എ.ജി.ആർ) എന്നീ ഇനങ്ങളിലായി 1.95 ലക്ഷം കോടി രൂപയുടെ ബാദ്ധ്യതയാണ് വോഡഫോണ്‍ ഐഡിയ നേരിടുന്നത്.

കമ്പനിയുടെ സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കാനും തയ്യാറാകുന്നില്ല. റിലയൻസ് ജിയോയുടെ വരവോടെ ടെലികോം നിരക്കുകള്‍ കുത്തനെ കുറയ്ക്കേണ്ടി വന്നതാണ് വോഡഫോണ്‍ ഐഡിയയുടെ നിലതെറ്റിച്ചത്.

കേന്ദ്ര സഹായവും ഗുണം ചെയ്തില്ല
കമ്പനിയുടെ പ്രവർത്തനം തടസരഹിതമാക്കുന്നതിന് നേരത്തെ 36,950 കോടി രൂപയുടെ സ്പെക്‌ട്രം ബാദ്ധ്യത കേന്ദ്ര സർക്കാർ ഓഹരിയാക്കി മാറ്റിയിരുന്നു.

ഇതോടെ വോഡഫോണ്‍ ഐഡിയയിലെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 49 ശതമാനമായി ഉയർന്നു. പ്രധാന പ്രൊമോട്ടറായ യു.കെയിലെ വോഡഫോണ്‍ ഗ്രൂപ്പ് കമ്പനിയിലെ നിക്ഷേപം പൂർണമായും ഉപേക്ഷിച്ചിരുന്നു.

കമ്പനികളുടെ വരിക്കാർ(മാർച്ച്‌ 2025)

  • റിലയൻസ് ജിയോ : 46.51 കോടി
  • ഭാരതി എയർടെല്‍: 28.08 കോടി
  • വോഡഫോണ്‍ ഐഡിയ: 12.64 കോടി
  • ബി.എസ്.എൻ.എല്‍: 3.02 കോടി

X
Top