
മുംബൈ: രാജ്യത്തെ വിദേശനാണയ കരുതൽ ശേഖരം ഉയരുന്നു. ജൂൺ 13ന് അവസാനിച്ച വാരം വരെ കൈവരിച്ച വിദേശനാണയ കരുതൽ ശേഖരം 69900 കോടി ഡോളറാണ്. റിസർവ് ബാങ്ക് പുറത്ത് വിട്ട കണക്കനുസരിച്ചാണിത്.
റിസർവ് ബാങ്കിന്റെ പണാവലോകന യോഗത്തിൽ 11 മാസത്തേയ്ക്കുള്ള ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണയ കരുതൽ ശേഖരം ഉണ്ടെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചിരുന്നു. പുറമേ നിന്നുള്ള കടത്തിന്റെ 96 ശതമാനമാണിത്.
2024 സെപ്റ്റംബർ മാസത്തിൽ 70,489 കോടി ഡോളർ വിദേശനാണയ കരുതൽ ശേഖരം നേടിയതാണ് എക്കാലത്തേയും മികച്ച നേട്ടം. ആർബിഐയുടെ കണക്കനുസരിച്ച് വിദേശനാണയ കരുതൽ ശേഖരത്തിൽ ഏറ്റവും കൂടുതൽ വിഹിതമുള്ളത് 58,942 കോടി ഡോളറിന്റെ വിദേശ നാണയ ആസ്തികളാണ്.
സ്വർണത്തിന്റെ കരുതൽ ശേഖരമാകട്ടെ 8631 കോടി ഡോളാറാണ്. ആഗോള തലത്തിൽ കേന്ദ്രബാങ്കുകൾ സ്വർണം സുരക്ഷിത നിക്ഷേപ മേഖലയായി കണക്കിലടുത്ത് നിക്ഷേപം വർധിപ്പിക്കുകയാണ്. ഇന്ത്യയുടെ നീക്കവും ഇതേ ദിശയിലാണ്. 2021നു ശേഷം വിദേശനാണയ കരുതൽ ശേഖരത്തിൽ സ്വർണ ശേഖരം ആർബിഐ ഇരട്ടിയാക്കിയിട്ടുണ്ട്.
സമ്പദ് വ്യവസ്ഥയ്ക്ക് കരുതൽ
വിദേശനാണയ കരുതൽ ശേഖരം എന്നത് രാജ്യത്തെ കേന്ദ്ര ബാങ്ക് അമേരിക്കൻ ഡോളർ ഉൾപ്പടെയുള്ള വിദേശ കറൻസികളിൽ നിക്ഷേപം കരുതി വയ്ക്കുന്നതാണ്. യൂറോ, ജപ്പാനീസ് യെൻ, പൗണ്ട് സ്റ്റെർലിങ് തുടങ്ങിയ നാണയങ്ങളിലൊക്കെ ശേഖരമുണ്ടാകും.
സമ്പദ് വ്യവസ്ഥയിലെ പണലഭ്യത ഉറപ്പാക്കുന്നതിനായും രൂപയുടെ കുത്തനെയുള്ള വിലയിടിവ് തടയുന്നതിനായുമൊക്കെ ആർബിഐ ഡോളർ വിൽക്കുന്നു. രൂപയുടെ മൂല്യം ഉയരുമ്പേൾ ഡോളർ വാങ്ങി കരുതിവയ്ക്കുകയും മൂല്യം കുറയുമ്പോൾ ഡോളർ വിറ്റ് രൂപയെ സംരക്ഷിക്കുകയും വിപണിയിൽ പണലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു.