
ന്യൂഡെല്‍ഹി: രാജ്യത്തെ എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നെന്ന പ്രചരണം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി).
സെപ്തംബര്‍ മുതല്‍ എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.
2025 സെപ്തംബര്‍ 30ന് ശേഷം എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റ് അവകാശപ്പെടുന്നു. തുടര്‍ന്ന് എടിഎമ്മുകളില്‍ 200, 100 രൂപ നോട്ടുകള്‍ മാത്രമേ ലഭ്യമാകൂ എന്നും ഇതില്‍ പ്രചരിപ്പിക്കുന്നു.
പ്രചാരണം പൂര്‍ണമായും വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിനെ ‘വ്യാജം’ എന്ന് ലേബല്‍ ചെയ്തിട്ടുണ്ട്. ആര്‍ബിഐ ബാങ്കുകള്‍ക്ക് ഇത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് പിഐബി പ്രസ്താവിച്ചു.
ഇത്തരം തെറ്റായ സന്ദേശങ്ങള്‍ അവഗണിക്കാനും വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും പിഐബി പൊതുജനങ്ങളെ ഉപദേശിച്ചു. 500 രൂപ നോട്ടുകള്‍ സാധുവായി തുടരുമെന്നും ആളുകള്‍ക്ക് സാധാരണ പോലെ ഇടപാടുകള്‍ക്കായി അവ ഉപയോഗിക്കുന്നത് തുടരാമെന്നും പിഐബി പോസ്റ്റ് പറയുന്നു.
അതേസമയം 2025 ഏപ്രില്‍ അവസാനം പുറപ്പെടുവിച്ച ഒരു സര്‍ക്കുലറില്‍ സെപ്റ്റംബര്‍ 30 നകം കുറഞ്ഞത് 75 ശതമാനം എടിഎമ്മുകളും കുറഞ്ഞത് ഒരു കാസറ്റില്‍ നിന്നെങ്കിലും 100 അല്ലെങ്കില്‍ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ ബാങ്കുകളോടും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിപണിയിലെ കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കാനാണ് ഇത്. ഈ സര്‍ക്കുലറാണ് വളച്ചൊടിച്ച് 500 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.