
ന്യൂഡല്‍ഹി: യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അവിടേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി വന്‍ ഇടിവ് നേരിട്ടു. തൊഴിലധിഷ്ഠിത വ്യവസായങ്ങളായ തുണിത്തരങ്ങള്‍, തുകല്‍, ജെംസ് ആന്റ് ജ്വല്ലറി, പാചക വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിയില്‍ വിലയ തോതിലുള്ള കുറവാണുണ്ടായത്.
തുകല്‍ ചരക്ക് കയറ്റുമതി 11.9 ശതമാനവും അമൂല്യ കല്ലുകളുടെ കയറ്റുമതി 54.2 ശതമാനവും കൈത്തറി കാര്‍പററ്റ് കയറ്റുമതി 13.85 ശതമാനവും സമുദ്രോത്പന്ന കയറ്റുമതി 32.99 ശതമാനവും ടയര്‍ 35 ശതമാനവും പരുത്തി റെഡിമെയ്ഡ് തുണിത്തരങ്ങള്‍ 13.2 ശതമാനവും ആഭരണം 18.6 ശതമാനവും ഡ്രഗ് ഫോര്‍മുലേഷന്‍സ് 7.01 ശതമാനവും തേയില 27.43 ശതമാനവും സുഗന്ധവ്യജ്ഞനങ്ങള്‍ 9.79 ശതമാനവും ബസ്മതി അരി 2.33 ശതമാനവുമാണിടിഞ്ഞത്.
കയറ്റുമതിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളില്‍, പ്രത്യേകിച്ച് യുഎസ് ഡിമാന്‍ഡിനെ വളരെയധികം ആശ്രയിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍, തൊഴില്‍ ആശങ്ക ശക്തമാണ്. കയറ്റുമതിക്കാര്‍ വര്‍ദ്ധിച്ച ചെലവുകളും അമേരിക്കന്‍ വിപണിയില്‍ കുറഞ്ഞ മത്സരശേഷിയും നേരിടുന്നു.
2024 ലെ കണക്കനുസരിച്ച് യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 79.44 ബില്യണ്‍ ഡോളറിന്റേതാണ്. മൊത്തം ജിഡിപിയുടെ 2 ശതമാനമാണിത്. മാത്രമല്ല, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് യുഎസ്.