
സാൻ ഫ്രാൻസിസ്കോ: ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ‌്‌ലയ്ക്ക് വലിയ തിരിച്ചടി. യുഎസിൽ നവംബറിലെ വില്പന നാലു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറഞ്ഞതും പുതിയതുമായി മോഡലുകൾ പുറത്തിറക്കിയിട്ടും വില്പന കുറഞ്ഞു.
പുതിയ സ്റ്റാൻഡേർഡ് മോഡൽ കന്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. വില കുറഞ്ഞ ഈ മോഡലിലൂടെ നവംബറിൽ വില്പന ഉയർത്താമെന്നായിരുന്നു കന്പനി പ്രതീക്ഷിച്ചത്. എന്നാൽ, വില്പനയിൽ 23 ശതമാനം ഇടിവാണുണ്ടായത്. മുൻവർഷം നവംബറിൽ 51,513 വാഹനങ്ങൾ വിറ്റിടത്ത് ഇത്തവണ 39,800 ലേക്ക് താഴ്ന്നു. 2022 ജനുവരിക്കുശേഷമുള്ള താഴ്ന്ന വില്പനയാണിത്.
ടെസ്‌ലയ്ക്ക് മാത്രമല്ല, യുഎസിൽ മറ്റ് കന്പനികൾക്കും ഇവി വില്പനയിൽ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. നവംബറിൽ മൊത്തം വില്പനയിൽ 41 ശതമാനം ഇടിവാണ് ഇവികൾക്ക് നേരിടേണ്ടി വന്നത്. ടെസ്‌ലയുടെ വിപണിവിഹിതം യുഎസിൽ ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ 43.1 ശതമാനത്തിൽനിന്ന് 56.7 ശതമാനമായി.
യൂറോപ്പിൽനിന്നും ചൈനയിൽനിന്നും കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ പുറത്തിറക്കുന്നത് മസ്കിന്‍റെ കന്പനിക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. പുതിയ മോഡലുകൾ കാര്യമായി പുറത്തിറക്കാത്തതും ടെസ്‌ലയ്ക്ക് ആഗോള വിപണിയിൽ ക്ഷീണം സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഇന്ത്യയിലും വില്പന മോശം
വളരെ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് ഈ വർഷമെത്തിയ ടെസ്‌ലയ്ക്ക് ക്ഷീണമാണ്. പുറത്തിറങ്ങിയശേഷം വിപണിയിൽനിന്ന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. വില്പന മന്ദഗതിയിലായി. സെപ്റ്റംബറിൽ ഡെലിവറി ആരംഭിച്ചതു മുതൽ ഇതുവരെ രാജ്യത്ത് ഏകദേശം 157 കാറുകൾ മാത്രമേ വിറ്റഴിച്ചിട്ടുള്ളൂ.
നവംബറിൽ 48 കാറുകൾ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. സമയം വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ് നവംബറിൽ 291 കാറുകൾ വിറ്റു. കാറുകൾ വിറ്റു. ടെസ്‌ലയുടെ പ്രധാന എതിരാളിയായ ബിവൈഡിയും പ്രതിമാസം 500ലധികം വാഹനങ്ങൾ വിറ്റിട്ടുണ്ട്. ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വില്പനയിൽ നിലവിൽ ടെസ്‌ല പത്താം സ്ഥാനത്താണ്. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ആണ് മുന്നിൽ.






