Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

ടെസ്‌ല ഇന്ത്യയുടെ പോളിസി എക്സിക്യൂട്ടീവ് രാജിവെച്ചതായി റിപ്പോർട്ട്

ഡൽഹി: കമ്പനിയുടെ ഇന്ത്യൻ പ്രവേശനം അനിശ്ചിതത്വത്തിൽ ആയതിനെ തുടർന്ന് ഇന്ത്യയിൽ ടെസ്‌ലയുടെ ലോബിയിംഗ് ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ കമ്പനിയുടെ ഒരു പ്രധാന എക്സിക്യൂട്ടീവ് രാജിവെച്ചതായി ഒരു അന്താരഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. ടെസ്‌ല ഇന്ത്യയുടെ പോളിസി എക്സിക്യൂട്ടീവായ മനുജ് ഖുറാനയാണ് രാജിവെച്ചതെന്ന് ഇക്കാര്യം അറിയാവുന്ന രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് കാർ നിർമ്മാതാവ് ഇന്ത്യയിൽ തങ്ങളുടെ ഇലക്ട്രിക് കാറുകൾ വിൽക്കാനുള്ള പദ്ധതി നിർത്തിവച്ചതായി അറിയിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ എക്സിക്യൂട്ടീവിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ടെസ്‌ലയുടെ പോളിസി ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവായ മനുജ് ഖുറാന 2021 മാർച്ചിലാണ് ടെസ്‌ലയിൽ നിയമിതനായത്. തുടർന്ന് ഇദ്ദേഹം യു.എസ്. കാർ നിർമാതാക്കൾക്കായി ഒരു ആഭ്യന്തര വിപണി-പ്രവേശ പദ്ധതി രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു. ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നികുതി 100% ൽ നിന്ന് 40% ആയി കുറയ്ക്കാൻ അദ്ദേഹം ഒരു വർഷത്തിലേറെയായി ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് മുമ്പ് ചൈന പോലുള്ള ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉപയോഗിച്ച് വിപണിയെ പരീക്ഷിക്കാൻ അനുവദിക്കുമെന്ന് ടെസ്‌ല ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ എന്തെങ്കിലും ഇളവുകൾ നൽകുന്നതിന് മുമ്പ് പ്രാദേശികമായി കാറുകൾ നിർമ്മിക്കാൻ ടെസ്‌ല ആദ്യം പ്രതിജ്ഞാബദ്ധരാകണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ചർച്ചകൾ വഴിമുട്ടിയതോടെ ടെസ്‌ല ഇന്ത്യയിൽ കാറുകൾ വിൽക്കാനുള്ള പദ്ധതി നിർത്തിവച്ചിരുന്നു. അതേസമയം, ഇപ്പോൾ പുറത്ത് വന്ന വാർത്തകളോട് പ്രതികരിക്കാൻ ഖുറാനയോ, ടെസ്‌ലയോ തയ്യാറായില്ല. കാറുകൾ വിൽക്കാനും സർവീസ് നടത്താനും ആദ്യം അനുവദിക്കാത്ത ഒരു സ്ഥലത്തും കമ്പനി നിർമ്മാണം സ്ഥാപിക്കില്ലെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോൺ മസ്‌ക് കഴിഞ്ഞ മാസം ട്വിറ്ററിൽ പറഞ്ഞിരുന്നു.

X
Top