
ന്യൂഡല്‍ഹി: കയറ്റുമതിയ്ക്ക് ആനുപാതികമായി ലാഭം വര്‍ധിപ്പിക്കാനാകാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ ചായ ഉത്പാദകര്‍. റഷ്യയിലേയ്ക്കുള്ള വര്‍ധിച്ച കയറ്റുമതി, മാര്‍ജിന്‍ കുറയ്ക്കുന്നതാണ് കാരണം. ദക്ഷിണേന്ത്യയില്‍ നിന്നുള്ള വിലകുറഞ്ഞ ചായയാണ് റഷ്യ കൂടുതല്‍ വാങ്ങുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റഷ്യയിലേയ്ക്കുള്ള ഇന്ത്യയുടെ ചായ കയറ്റുമതി കഴിഞ്ഞ എട്ട് മാസത്തില്‍ 5 ശതമാനം വര്‍ധിച്ചു. കെനിയന്‍ ചായയുടെ വിലകൂടിയതും ശ്രീലങ്കയിലെ ഉത്പാദനം കുറഞ്ഞതുമാണ് കാരണം. എന്നാല്‍ വിളവെടുപ്പ് മെച്ചപ്പെട്ടതിനാല്‍ സ്‌റ്റോക്ക് കൂടുതലുണ്ടെന്ന് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപനം ഹെഡനോവാ സിഐഒ സുമന്‍ ബാനര്‍ജി പറയുന്നു.
മാത്രമല്ല, കിലോഗ്രാമിന് 163 രൂപ നിരക്കിലാണ് റഷ്യ ചായ വാങ്ങുന്നത്. വിപണി വില 180 രൂപ. നിലവിലെ ഇന്ത്യയുടെ കയറ്റുമതി 140 മില്യണ്‍ ടണ്ണാണ്.
എന്നാല്‍ 300 മില്യണാണ് ലക്ഷ്യമെന്നും അത്രയും കയറ്റുമതി സാധ്യമായില്ലെങ്കില്‍ ലാഭം കുറയുമെന്നും ബാനര്‍ജി പറഞ്ഞു. അമിത ഉത്പാദനമാണ് ഇന്ത്യന്‍ ചായ മേഖല നേരിടുന്ന പ്രശ്‌നം.
വിതരണം കൂടുതലാണ്.
അതുകൊണ്ടുതന്നെ മാര്‍ജിന്‍ സമ്മര്‍ദ്ദത്തിലാകുന്നു. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ജിഎം ടീ പാക്കേഴ്‌സ് തുടങ്ങിയവരാണ് ഇന്ത്യന്‍ ചായ വ്യവസായത്തിലെ പ്രമുഖ കമ്പനികള്‍. റഷ്യയിലേയ്ക്കുള്ള കയറ്റുമതി വര്‍ധിച്ചതോടെ കൂടുതല്‍ നേട്ടമുണ്ടാക്കിയത് സിസിഎല്‍ പ്രൊഡക്ട്‌സ് ഇന്ത്യ എന്ന ദക്ഷിണേന്ത്യന്‍ കമ്പനിയാണ്.






