
ന്യൂഡല്‍ഹി: യുഎസ്,യൂറോപ്പ് എന്നീ പ്രധാന വിപണികള്‍ മാന്ദ്യത്തിലക്കപ്പെട്ട സമയത്ത് ടിസിഎസിന് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ആശ്വാസമായി ബിഎസ്എന്‍എല്‍ ഓര്‍ഡര്‍. സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡില്‍ നിന്നും (ബിഎസ്എന്‍എല്‍) 15,000 കോടി രൂപയുടെ അഡ്വാന്‍സ് പര്‍ച്ചേസ് ഓര്‍ഡര്‍ ലഭ്യമായതായി ടിസിഎസ് നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം പ്രഖ്യാപിച്ചു. ബിഎസ്എന്‍എല്ലിനായി രാജ്യത്തുടനീളം 4ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാനുള്ള കരാറാണ് ലഭ്യമായത്.
ടാറ്റ ഗ്രൂപ്പിന്റെ തേജസ് നെറ്റ് വര്‍ക്ക് കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണ്. പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള റേഡിയോ ആക്‌സസ് നെറ്റ് വര്‍ക്ക് (ആര്‍എഎന്‍) ഉപകരണങ്ങള്‍ തേജസ് വിതരണം ചെയ്യും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടിഐയും പ്രൊജക്ടിന്റെ ഭാഗമാണ്.
കരാര്‍ മൂല്യത്തിന്റെ 20 ശതമാനം അവര്‍ നേടും. വരുമാനം വര്‍ദ്ധിപ്പിക്കുമെങ്കിലും മറ്റ് കമ്പനികള്‍ ഉള്‍പ്പെടുന്നതിനാല്‍ ടിസിഎസിന്റെ മാര്‍ജിന്‍ ദുര്‍ബലമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം ഗ്രൂപ്പ് കമ്പനിയായ തേജസ് നെറ്റ് വര്‍ക്ക് ഉപകരണ,ഹാര്‍ഡ് വെയര്‍ നിര്‍മ്മാണം ഏറ്റെടുത്തതോടെ മാര്‍ജിന്‍ ഡയല്യൂഷന്‍ കുറവയിരിക്കുമെന്ന് ഇഐഐആര്‍ടി സ്ഥാപകന്‍ പരീഖ് ജെയിന്‍ പ്രതികരിച്ചു.
നടപ്പ് വര്‍ഷത്തില്‍ ടിസിഎസ് നേടുന്ന മൂന്നാമത്തെ പ്രധാന കരാറാണിത്. യുകെ ആസ്ഥാനമായുള്ള ഫീനിക്‌സ് ഗ്രൂപ്പുമായി 723 മില്യണ്‍ ഡോളര്‍ കരാറും ബ്രിട്ടീഷ് റീട്ടെയിലര്‍ മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സറുമായി (എം ആന്‍ഡ് എസ്) 723 മില്യണ്‍ ഡോളര്‍ കരാറും ഈ വര്‍ഷം ഐടി ഭീമന്‍ ഒപ്പുവച്ചിരുന്നു.