
രാജസ്ഥാൻ: രാജസ്ഥാനിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 10,000 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി വികസിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ടാറ്റ പവർ. ഇവ പ്രധാനമായും സൗരോർജ്ജ പദ്ധതികൾ ആയിരിക്കും.
സംസ്ഥാനത്ത് 10,000 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജ്ജ പോർട്ട്‌ഫോളിയോ ഉണ്ടാക്കാനാണ് ടാറ്റ പവർ പദ്ധതിയിടുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ജയ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിയിൽ വച്ച് സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 8,000 മെഗാവാട്ട് യൂട്ടിലിറ്റി സ്കെയിൽ പദ്ധതികളും 1,000 മെഗാവാട്ട് സോളാർ റൂഫ്‌ടോപ്പും 1,50,000 സോളാർ പമ്പുകളും വികസിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി പ്രഖ്യാപിച്ചു.
സോളാർ പവർ വഴി ശുദ്ധമായ ഊർജം ഉൽപ്പാദിപ്പിക്കുന്നതിനായി ടാറ്റ പവർ, അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ ടാറ്റ പവർ സോളാറുമായി ചേർന്ന് സംസ്ഥാനത്ത് അവരുടെ സാന്നിധ്യം വിപുലീകരിക്കും. വിപുലീകരണ പദ്ധതികൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6,000-8,000-ലധികം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടാറ്റ പവറിന്റെ പുനരുപയോഗ ഉർജ്ജ ബിസിനസ്സിന് രാജസ്ഥാൻ ഒരു പ്രധാന സംസ്ഥാനമാണ്. കമ്പനിക്ക് നിലവിൽ ഇവിടെ 4,939 MWp പോർട്ട്‌ഫോളിയോയുണ്ട്. സോളാർ പമ്പുകളുമായി ബന്ധപ്പെട്ട്, സംസ്ഥാനത്ത് 1,50,000 പമ്പുകൾ സ്ഥാപിക്കാനാണ് ടാറ്റ പവർ പദ്ധതിയിടുന്നത്. ജയ്പൂർ, ഹനുമാൻഗഡ്, ഗംഗാനഗർ, ജലോർ, ബിക്കാനീർ എന്നിവിടങ്ങളിൽ കമ്പനി ഇതുവരെ 21,600 സോളാർ പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.