
മുംബൈ: ടാറ്റ ഗ്രൂപ്പ്, സെൻട്രം എന്നിവയുടെ ഫാമിലി ഓഫീസിന്റെ നേതൃത്വത്തിൽ 8.5 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ച് ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള മൾട്ടി എന്റർപ്രൈസ് സപ്ലൈ ചെയിൻ ബിസിനസ് നെറ്റ്‌വർക്ക് (MESCBN) പ്ലാറ്റ്‌ഫോമായ ഡൾട്ട് ലെഡ്‌ജർസ് (ഡിസ്ട്രിബ്യുട്ടഡ്ഡ് ലെഡ്ജർസ് ടെക്നോളജി പിടിഇ ലിമിറ്റഡ്).
ഈ ധന സമാഹരണത്തോടെ കമ്പനിയുടെ മൂല്യം 100 മില്യൺ ഡോളറായി ഉയർന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ വടക്കേ അമേരിക്കയിലേക്ക് വ്യാപിപ്പിക്കുന്നതിനും എഞ്ചിനീയറിംഗ്, ഗ്രോത്ത് ടീമുകളെ വർധിപ്പിക്കുന്നതിനും പ്ലാറ്റ്ഫോം നവീകരിക്കുന്നതിനും ഫണ്ട് ഉപയോഗിക്കുമെന്ന് ഡൾട്ട് ലെഡ്‌ജർസ് അറിയിച്ചു.
എപിഎസി മേഖലയിലെ മറ്റ് നിക്ഷേപകരിൽ നിന്നുള്ള താൽപ്പര്യം കണക്കിലെടുത്ത് ഉടനെ തന്നെ മറ്റൊരു ധന സമാഹരണം നടത്താൻ സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു. വിപ്രോ കൺസ്യൂമർ ഗുഡ്‌സ്, മൊണ്ടെലെസ്, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഷിസെയ്‌ഡോ, ഒസിപി, ട്രേഡ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ആഫ്രിക്ക, സ്‌റ്റോക്ക്‌ലാൻഡ് തുടങ്ങിയ സംരംഭങ്ങളും ബാങ്കുകളും ഡൾട്ട് ലെഡ്‌ജർസിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്.