
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. ഇതോടെ ഏഷ്യ-പസഫിക്കില്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി രാജ്യം മാറും. ഉപഭോക്തൃ. സര്‍ക്കാര്‍ ചെലവുകളുടെ പിന്‍ബലത്തില്‍ ആഭ്യന്തര ഡിമാന്റാണ് വളര്‍ച്ച ഉറപ്പുവരുത്തുക.
ഒന്നാം പാദത്തില്‍ രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും അത് പ്രധാനമായും സര്‍ക്കാര്‍ ചെലവഴിക്കല്‍ കാരണമാണ്.അതേസമയം സ്വകാര്യ മൂലധന ചെലവ് ദുര്‍ബലമായി. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നികുതി ഇളവുകള്‍ കുടുംബങ്ങളുടെ ചെലവഴിക്കല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്നൊഴിവാക്കിയതും സെപ്തംബര്‍ 22 ന് രണ്ട് സ്ലാബ് ജിഎസ്ടി നടപ്പില്‍വരുത്തിയതുമുള്‍പ്പടെയുമുള്ള പരിഷ്‌ക്കാരങ്ങളാണ് ഉപഭോഗം വര്‍ദ്ധിപ്പിച്ചത്. ജിഎസ്ടി പരിഷ്‌ക്കരണം നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, വാഹനങ്ങള്‍ എന്നിവയുടെ ജിഎസ്ടി 5 ശതമാനമായി കുറയ്ക്കുകയും പല മരുന്നുകളുടേയും ജിഎസ്ടി ഒഴിവാക്കുകയും ചെയ്തു. കാര്‍ഷിക യന്ത്രങ്ങളും നിര്‍മ്മാണ വസ്തുക്കളും നിലവില്‍ കുറഞ്ഞ ജിഎസ്ടിയാണകര്‍ഷിക്കുന്നത്.
നേരത്തെയുണ്ടായിരുന്ന 5,12,18,28 ശതമാനം സ്ലാബുകള്‍ 5 ശതമാനവും 18 ശതമാനവുമായി കുറയ്ക്കുക വഴിയാണിത്. ആഭ്യന്തര ഡിമാന്റ് ശക്തമാണെങ്കിലും ആഗോള ഭൗമ സാഹചര്യങ്ങളും കയറ്റുമതി കുറയുന്നതും ആശങ്ക ഉയര്‍ത്തുന്നതായി എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ഏഷ്യാ, പസഫിക്ക് ചീഫ് ഇക്കണോമിസ്റ്റ് ലൂയിസ് കുജിസ് പറഞ്ഞു. ഇതില്‍ പ്രധാനപ്പെട്ടത് ഇന്ത്യ-യുഎസ് വ്യാപാര ബന്ധമാണ്.
യുഎസ് ഇന്ത്യയ്ക്ക് മേല്‍ നിലവില്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നുണ്ട്. ഇത് യുഎസ് മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളെ മത്സരക്ഷമമല്ലാതാക്കി. ഈ ബാഹ്യസമ്മര്‍ദ്ദങ്ങളൊഴിച്ചാല്‍ ഇന്ത്യയുടെ ആന്തരിക ശക്തി ദൃഢമാണ്.
2026 സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 3.2 ശതമാനമാക്കി കുറയ്ക്കാനും റേറ്റിംഗ് ഏജന്‍സി തയ്യാറായി. അവരുടെ അഭിപ്രായത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ചൈനയുടെ വളര്‍ച്ചാ നിരക്ക് 4.6 ശതമാനവും തായ് ലന്റിന്റേത് 2.3 ശതമാനവും ജപ്പാന്റേത് 1.1 ശതമാനവും വിയറ്റ് നാമിന്റേത് 6.3 ശതമാനവുമാകും. ഏഷ്യ-പസഫിക്ക് റീജയന്‍ 4.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും റേറ്റിംഗ് ഏജന്‍സി അറിയിച്ചു.