
പത്ത് സ്റ്റീല്‍ കമ്പനികള്‍ ഈ വര്‍ഷം ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) വഴി ധനസമാഹരണം നടത്താന്‍ ഒരുങ്ങുന്നു. അടുത്ത 10 മാസങ്ങള്‍ക്കുള്ളില്‍ 5000-7000 കോടി രൂപ സമാഹരിക്കുകയാണ് ഈ കമ്പനികളുടെ ലക്ഷ്യം.
സ്റ്റീല്‍ ഇന്‍ഫ്ര സൊല്യൂഷന്‍സ് കമ്പനി, ജര്‍മന്‍ ഗ്രീന്‍ സ്റ്റീല്‍ & പവര്‍, രാജ്‌പുതാന സ്റ്റെയിന്‍ലെസ്, ബോംബെ കോട്ടഡ് സ്റ്റീല്‍, എ-വണ്‍ സ്റ്റീല്‍സ് ഇന്ത്യ, ജിന്റാല്‍ സുപ്രീം (ഇന്ത്യ), മധുര്‍ അയേണ്‍ & സ്റ്റീല്‍, സിനര്‍ജി അഡ്വാന്‍സ്‌ഡ് മെറ്റല്‍സ് തുടങ്ങിയ സ്റ്റീല്‍ കമ്പനികള്‍ ഇതിനകം സെബിയുടെ അനുമതിയ്‌ക്കായി ഡിആര്‍എച്ച്‌പി സമര്‍പ്പിച്ചു.
മറ്റ് ചില കമ്പനികള്‍ ഡിആര്‍എച്ച്‌പി തയാറാക്കുന്നതിനുള്ള ഘട്ടത്തിലാണ്. സ്റ്റീല്‍ ഡിമാന്റ് ഉയരുകയും സ്റ്റീല്‍ വ്യവസായത്തിന് ഗുണകരമായ നയ നടപടികള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മേഖലയിലെ കമ്പനികള്‍ പബ്ലിക് ഇഷ്യു നടത്താനൊരുങ്ങുന്നത്.
റോഡ്, റെയില്‍വേ, തുറമുഖം തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലകളിലെ വികസനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ സ്റ്റീല്‍ ഡിമാന്റ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാരിന്റെ ഈ മേഖലയിലെ നിക്ഷേപവും ഉല്‍പ്പാദന മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന സ്‌കീമുകളും സ്റ്റീല്‍ കമ്പനികളുടെ ബിസിനസ് വളരാന്‍ സഹായകമാകും.






