ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപവ്യാവസായിക വളര്‍ച്ച 10 മാസത്തെ കുറഞ്ഞ നിലയില്‍

10 ലക്ഷം രൂപയിൽ തുടക്കം; ഇന്ന് 3 കോടി രൂപ വിറ്റുവരവ്; വെണ്മയാർന്നൊരു മലയാളി സംരംഭം ‘വൈറ്റ് ഡയറി’

  • ബാങ്കിംഗ് ജോലി ഉപേക്ഷിച്ചാണ് ജിതിൻ സംരംഭത്തിന് തുടക്കം കുറിക്കുന്നത്

കൊച്ചി: പാല്‍ പോലെ നല്ല വെണ്മയുള്ള ഓര്‍മകളാണ് ജിതിൻ ഡേവിസെന്ന സംരംഭകന്റെ മുതല്‍ക്കൂട്ട്. ചാലക്കുടിയിലെ അമ്മ വീട്ടിലെത്തിയാല്‍ ലഭിക്കുന്ന നാടന്‍ പശുവിന്‍ പാലിലുണ്ടാക്കിയ ചായയുടെ രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്. ഈ ചായയിലായിരുന്നു ജിതിന്‍ ഡേവിസിന്റെ ദിവസം ആരംഭിക്കുന്നത്.

പാലെന്നാല്‍ നാടിന്റെയും അമ്മൂമ്മയുടെയും നന്മയാണ് ജിതിന്. വളര്‍ന്നതും പഠിച്ചതുമെല്ലാം കൊച്ചിയിലായതിനാല്‍ ഏറ്റവുമധികം നഷ്ടം തോന്നിയതും അമ്മൂമ്മയുടെ സ്‌നേഹം വിളമ്പിയ നല്ല പാലൊഴിച്ച് തയ്യാറാക്കിയ ചായയായിരുന്നു. കൊച്ചിയിലെ വീട്ടില്‍ ശുദ്ധമായ പാല്‍ ലഭിക്കാതെ വന്നപ്പോഴാണ് സംരംഭത്തിന്റെ ആശയം ജിതിന് മൊട്ടിട്ടത്.

രാസവസ്തുക്കള്‍ ചേര്‍ക്കാത്ത പാല്‍ എന്ന ലേബലില്‍ ‘വൈറ്റ് ഡയറി’യെന്ന ബ്രാന്‍ഡിന്റെ തുടക്കമായിരുന്നുവത്. യാതൊരു സംരംഭക പാരമ്പര്യവുമില്ലയെന്ന ഭയം മനസ്സിലുണ്ടായിരുന്നു. കഠിനാധ്വാനത്തിന്റെ ബലത്തില്‍ ആദ്യ വര്‍ഷം 60 ലക്ഷം രൂപയാണ് വിറ്റുവരവ് നേടിയത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് കോടി രൂപ വിറ്റുവരവ് നേടുന്ന സ്ഥാപനമായി വളരാനും വൈറ്റ് ഡയറിക്ക് സാധിച്ചു.

കോവിഡ് കാല സംരംഭം

കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ എംടെക്കുമാണ് ജിതിൻ പഠിച്ചത്. എംടെക് പഠനത്തിനിടെ മിൽമയിലേക്ക് നടത്തിയ ഇൻഡസ്ട്രിയൽ വിസിറ്റിലാണ് രാസവസ്തുക്കൾ ചേർക്കാത്ത പാൽ ലഭ്യമാക്കുകയെന്ന സംരംഭത്തെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ യാതൊരു സംരംഭക പാരമ്പര്യവുമില്ലാതിരുന്ന കുടുംബത്തിൽ ഇക്കാര്യം അവതരിപ്പിച്ച് ലക്ഷ്യം നേടാൻ ജിതിനും ധൈര്യം പോരാതെ വന്നു.

സംരംഭകമോഹം മായ്ച്ച് കളഞ്ഞ് പഠന ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ച ജിതിൻ പിന്നീട് സ്റ്റാൻഡേർഡ് ചാർട്ടേഡിലും ജോലി ചെയ്തു. കോവിഡ് കാലത്ത് വർക് ഫ്രം ഹോം ആയതോടെ കൊച്ചിയിലെ വീട്ടിലായിരുന്നു ജിതിൻ. വീണ് കിട്ടിയ സമയത്തിനിടെയെല്ലാം തന്റെ സംരംഭത്തിന് ആവശ്യമായ റിസർച്ചും മാർക്കറ്റ് സ്റ്റഡിയും നടത്തി.

അങ്ങനെ ധൈര്യം സ്വരൂപിച്ച്, ബാങ്കിംഗ് സേവനത്തിന്റെ ആറാം വർഷത്തിൽ ജോലി ഉപേക്ഷിച്ച് വൈറ്റ് ഡയറി ആരംഭിച്ചു. ഫാം ഉളള ബന്ധുവിൽ നിന്നും പാൽ ശേഖരിച്ച് 2020 ജൂണിൽ പാൽ വിതരണം ആരംഭിക്കുന്നത്. 10 ലക്ഷം രൂപയായിരുന്നു മൂലധന നിക്ഷേപം.

30 ഉപഭോക്താക്കളുമായി ആരംഭിച്ച വൈറ്റ് ഡയറി നിലവിൽ പ്രതിദിനം രണ്ടായിരത്തിലധികം വീടുകളിലാണ് പാലെത്തിക്കുന്നത്

30ൽ നിന്നും ഏഴായിരത്തിലേക്ക്

പലരെയും നേരിൽ കണ്ടും റഫർ ചെയ്യിച്ചും ആദ്യ ദിനം 30 ഉപഭോക്താക്കളെ കണ്ടെത്തി. ഒരു വർഷം പിന്നിട്ടപ്പോഴത് പ്രതിദിനം 300-400 പേർക്ക് പാൽ വിതരണം ചെയ്യുന്ന സംരംഭമായി വളർത്താനും ജിതിന് സാധിച്ചു. ഇന്ന് ചെമ്പുമുക്കിലെ ഹബ്ബിൽ നിന്നും മരട്, നേവൽ ബേസ്, ആലുവ, കുഴിവേലിപ്പടി എന്നി പ്രദേശങ്ങളിലേക്കെല്ലാം പാൽ വിതരണം ചെയ്യുന്നുണ്ട്.

പുലർച്ചെ 2 മണിയോടെ പാൽ ശേഖരിക്കാൻ തുടങ്ങും. പാലക്കാട്, ചാലക്കുടി, മുവാറ്റുപുഴ എന്നിവിടങ്ങളിലെ എട്ട് ഫാമുകളിൽ നിന്നുമാണ് ഇപ്പോൾ പാലെത്തിക്കുന്നത്. 1000-1200 ലിറ്റർ പാലാണ് പ്രതിദിനം ശേഖരിക്കുന്നത്.

പാലെത്തുന്ന മുറയ്ക്ക് വിതരണവും ആരംഭിക്കും. പുലർച്ചെ 4 മണിയോടെ ആരംഭിക്കുന്ന പാൽ വിതരണം ഏഴരയോടെ അവസാനിപ്പിക്കും. കുപ്പിയിലും കവറിലുമായാണ് വിതരണം നടത്തുന്നത്. കൊച്ചിയിൽ സ്ഥിരമായി 2000ൽ അധികം വീടുകളിൽ വൈറ്റ് ഡയറിയുടെ പാലെത്തുന്നുണ്ട്. അഞ്ച് വർഷത്തിനിടെ 30ൽ നിന്നും ഏഴായിരം ഉപഭോക്താക്കളിലേക്ക് എത്താനും കമ്പനിക്ക് സാധിച്ചു.

വളർച്ചയുടെ പാതയിൽ

നല്ലൊരു ചായയിലൂടെയാണ് പലരുടെയും ദിവസം ആരംഭിക്കുന്നത് എന്നതിനാൽ പാൽ എല്ലാ ദിവസവും കൃത്യ സമയത്ത് മുടങ്ങാതെ വിതരണം ചെയ്യുകയെന്നതാണ് വെല്ലുവിളിയാകാറെന്ന് ജിതിൻ പറയുന്നു. മഴയും ശേഖരിക്കുന്ന സമയവുമെല്ലാം പ്രതിസന്ധി ഉയർത്താറുണ്ടെങ്കിലും അവ തരണം ചെയ്താണ് മുന്നോട്ട് പോകുന്നത്, അദ്ധേഹം കൂട്ടിച്ചേർത്തു.

35 പേരാണ് പാൽ വിതരണത്തിന് മാത്രമായുളളത്. മിൽമയേക്കാൽ രണ്ട് രൂപ അധികം നൽകിയാണ് ജിതിൻ പാൽ ശേഖരിക്കുന്നത്. എല്ലാ ആഴ്ചയിലും കൃത്യമായി പണം നല്കിയും അവരെ ചേർത്ത് നിർത്തുകയാണ് 36 വയസ്സുകാരനായ ഈ യുവാവ്. ക്ഷീര കർഷകർക്ക് കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കണമെന്നും ഇതോടൊപ്പം കുറഞ്ഞ നിരക്കിൽ മികച്ച ഇനം കന്നുകാലികളെയും ലഭ്യമാക്കാനുളള നടപടികളും സർക്കാർ കൈക്കൊളളണമെന്ന് ജിതിൻ പറയുന്നു.

വിപുലീകരണത്തിന്റെ പാതയിൽ

പാൽ വിതരണം ശക്തമായതോടെ ഒരു വർഷത്തിനപ്പുറം, അധികമായി ശേഖരിക്കപ്പെടുന്ന പാലിൽ നിന്നും നെയ് ഉത്പ്പാദിപ്പിച്ച് വിതരണം ആരംഭിച്ചു. അടുത്ത ഘട്ടത്തിൽ കർഷകരിൽ നിന്നും നാടൻ മുട്ട, തേൻ,കൂൺ, മില്ലുകളിൽ നിന്നും ശേഖരിക്കുന്ന നാടൻ വെളിച്ചെണ്ണയും വിൽപ്പനയ്ക്കെത്തിച്ചു.

ഏഴ് മാസം മുൻപ് ജൈവ പച്ചക്കറികളും വില്പനയ്ക്കെത്തിച്ച് വിപുലീകരണത്തിന്റെ പാതയിലാണ് ജിതിൻ ഡേവിസ്. ബാംഗ്ലൂരിലെ കർഷക സംഘടനകലുമായി സഹകരിച്ചാണ് ജൈവ പച്ചക്കറികൾ എത്തിക്കുന്നത്. ആഴ്ചയിൽ 100 കിലോ ജൈവ പച്ചക്കറികളാണ് വിറ്റഴിക്കുന്നത്.

അമ്മ ബീനയാണ് കമ്പനിയുടെ ഫിനാൻസ് കൈകാര്യം ചെയ്യുന്നത്. 50 ജീവനക്കാരുളള സംരംഭത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനുളള തയ്യാറെടുപ്പിലാണ് ജിതിൻ.

X
Top