
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ 449 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇന്‍ഡ് എഎസ് അക്കൗണ്ടിങിന് കീഴില്‍ 414 ശതമാനം വാര്‍ഷിക വര്‍ധനവാണിതു സൂചിപ്പിക്കുന്നത്.
മികച്ച പ്രീമിയം വര്‍ധനവ്, മികച്ച പ്രവര്‍ത്തന കാര്യക്ഷമത എന്നിവയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്. സ്റ്റാര്‍ ഹെല്‍ത്ത് സുതാര്യമായ റിപ്പോര്‍ട്ടിങിനോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചു കൊണ്ട് ഇന്‍ഡ് എഎസ് (ഐഎഫ്ആര്‍എസ്-ആഗോള സാമ്പത്തിക റിപ്പോര്‍ട്ടിങ് മാനദണ്ഡം) നിബന്ധനകള്‍ക്ക് അനുസരിച്ചുള്ള റിപോര്‍ട്ടിങ് രീതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.
വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനം വര്‍ധനവോടെ 5,047 കോടി രൂപയുടെ ആകെ റിട്ടണ്‍ പ്രീമിയമാണ് മുന്നാം ത്രൈമാസത്തില് കമ്പനി കൈവരിച്ചിട്ടുള്ളത്. റീട്ടെയില്‍ വിഭാഗത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വര്‍ധനവോടെ 4,838 കോടി രൂപയുടെ ആകെ റിട്ടണ്‍ പ്രീമിയവും കൈവരിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ ഫസ്റ്റ് എന്ന രീതിയും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിലെ 20 ശതമാനം സംഭാവനയും ഡിജിറ്റല്‍ രീതിയിലായിരുന്നു. ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനും പ്രവര്‍ത്തന മികവു കൈവരിക്കാനും ഡിജിറ്റല്‍ രീതികള്‍ സഹായകമായിട്ടുണ്ട്.
പുതിയ പോളിസികളുടെ 85 ശതമാനവും ഡിജിറ്റല്‍ രീതിയിലാക്കാന്‍ വിതരണ ആപ്പായ ആറ്റം സഹായിച്ചിട്ടുമുണ്ട്.






