
കൊച്ചി: എസ്ഇജിജി മീഡിയ ഗ്രൂപ്പ് സൂപ്പർ ലീഗ് കേരളയുമായി അഞ്ച് വർഷത്തെ ധാരണയിലെത്തി. ഏഷ്യയിൽ എസ്ഇജിജി സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ സംപ്രേക്ഷണാവകാശമാണിത്.
കൂടാതെ, അവരുടെ പ്രമുഖ ആപ്ലിക്കേഷനായ സ്പോർട്സ്.കോമിൽ തത്സമയ ഫുട്ബോൾ സ്ട്രീമിംഗ് ആരംഭിക്കുന്നതും ഈ കരാറിലൂടെയാണ്. ദുബായിലെ വൺ ജെഎൽടിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് ഈ സുപ്രധാന ഉടമ്പടിക്ക് അന്തിമരൂപമായത്.
സബ്സ്ക്രിപ്ഷനുകൾ, പരസ്യം, ലൈസൻസിംഗ് എന്നിവയുടെ സംയോജനത്തിലൂടെ വരുമാനം നേടാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
സ്പോർട്സ്.കോം റിയൽ ടൈം സ്റ്റാറ്റിസ്റ്റിക്സ്, ഫാന്റസി ലീഗ് സംയോജനം, ഓൺ-ഡിമാൻഡ് റീപ്ലേകൾ എന്നിവ ഉൾപ്പെടുന്ന ടയേർഡ് സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കും. ഫുട്ബോൾ ആരാധകരെയും സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ള യുവതലമുറയെയും ഒരുപോലെ ആകർഷിക്കുന്നതാണിത്.
പ്രവാസി മലയാളികൾക്ക് വിരൽത്തുമ്പിൽ സൂപ്പർ ലീഗ്
എസ്ഇജിജി-യുടെ ജിഎക്സ്ആർ വേൾഡ് സ്പോർട്സ് പ്ലാറ്റ്‌ഫോമിന് കീഴിൽ രൂപംകൊണ്ട ഈ കരാർ, സൂപ്പർ ലീഗ് കേരളയുടെ എക്സ്ക്ലൂസീവ് ആഗോള സംപ്രേക്ഷണ, വാണിജ്യ പങ്കാളിയായി എസ്ഇജിജിയെ മാറ്റുന്നു.
എല്ലാ അന്താരാഷ്ട്ര ടെറിട്ടറികളിലുമുള്ള സ്ട്രീമിംഗ് അവകാശങ്ങൾ, ഡിജിറ്റൽ ഫാൻ എൻഗേജ്‌മെന്റ്, ആഗോള സ്പോൺസർഷിപ്പ് അവസരങ്ങൾ, ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള വിപുലമായ വിതരണം എന്നിവ ഈ ഉടമ്പടിയിൽ ഉൾപ്പെടുന്നു.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയ ഫുട്ബോളിന് ഈ വികസനം വലിയ പ്രാധാന്യമാണ് നൽകുന്നത്. സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസൺ 13 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയപ്പോൾ, സ്പോർട്സ്.കോം-ന്റെ ബഹുഭാഷാ, സംവേദനാത്മക സ്ട്രീമിംഗ് സൗകര്യങ്ങളിലൂടെ ഈ വർഷം കാഴ്ചക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനവാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
കേരള ഫുട്ബോളിന്റെ ചരിത്ര നിമിഷം
കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ആഗോള മലയാളി പ്രവാസികളായ ആരാധകരുമായി ബന്ധിപ്പിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിലെ ഒരു വലിയ മുന്നേറ്റമാണിതെന്ന് സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് പറഞ്ഞു.
കേരള ഫുട്ബോളിന് അർഹിക്കുന്ന ലോകോത്തര ആരാധക അനുഭവങ്ങൾ നൽകാൻ ഈ കരാർ ഞങ്ങളെ പ്രാപ്തരാക്കുമെന്ന് ഡയറക്ടർ ഫിറോസ് മീരാൻ അഭിപ്രായപ്പെട്ടു.
വർധിച്ചുവരുന്ന അന്താരാഷ്ട്ര കാഴ്ചക്കാരും സ്പോൺസർമാരിൽ നിന്നുള്ള താൽപ്പര്യവും കണക്കിലെടുക്കുമ്പോൾ, ഈ കരാർ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഫുട്ബോൾ ഇക്കോസിസ്റ്റത്തിൽ സൂപ്പർ ലീഗ് കേരളയെ മുൻനിരയിലേക്ക് എത്തിക്കും.
ഡിജിറ്റൽ-ഫസ്റ്റ് തന്ത്രം പ്രാദേശിക ക്ലബ്ബുകൾക്കും കളിക്കാർക്കും ബിസിനസ്സുകൾക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ നൽകുമെന്നുമാണ് പ്രതീക്ഷ.