
മുംബൈ: കടക്കെണിയിലായ ബജറ്റ് എയർലൈനായ സ്‌പൈസ്‌ജെറ്റ് പുതുതായി പരിഷ്‌കരിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന്റെ (ഇസിഎൽജിഎസ്) ഭാഗമായി 1,000 കോടി രൂപ അധികമായി സമാഹരിക്കാൻ പദ്ധതിയിടുന്നു.
ഈ അധിക ഫണ്ടിംഗ്, എല്ലാ നിയമപരമായ കുടിശ്ശികകളും, പേയ്‌മെന്റുകളും തീർക്കാൻ എയർലൈനെ സഹായിക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. നിബന്ധനകൾക്ക് വിധേയമായി ഇസിഎൽജിഎസ് പ്രകാരം അവരുടെ ആവശ്യകതയുടെ 100 ശതമാനം വരെ വായ്പകൾ ലഭ്യമാക്കാൻ വിമാനക്കമ്പനികൾക്ക് ധനമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പല എയർലൈനുകളും നഷ്‌ടത്തിലായ സമയത്താണ് ഈ പരിഷ്‌ക്കരണം.
കമ്പനി ഫണ്ടുകൾ ഉപയോഗിച്ച്, ബ്രാൻഡ്-ന്യൂ മാക്സ് (ബോയിംഗ്) വിമാനങ്ങൾ ഉൾപ്പെടുത്താനും അതിന്റെ ശേഷി വർധിപ്പിക്കാനും ശ്രമിക്കും. ഇത് പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുകയും പണ-ലാഭകരമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.
ഇസിഎൽജിഎസ് പരിധി വർധിപ്പിക്കാനുള്ള ഈ ഏറ്റവും പുതിയ തീരുമാനം എയർലൈനുകൾക്ക് വലിയ ഉത്തേജനം നൽകും. ജൂൺ പാദത്തിൽ (Q1FY23), സ്‌പൈസ്‌ജെറ്റിന്റെ നഷ്ടം 789 കോടി രൂപയായി വർധിച്ചിരുന്നു. സ്ഥാപനത്തിന്റെ നിലവിലെ ബാധ്യതകൾ 6,772 കോടിയാണ്.