
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ റേറ്റിംഗ് എസ്ആന്റ്പി ഗ്ലോബല്‍ ഉയര്‍ത്തി. ബിബിബി മൈനസില്‍ നിന്നും ബിബിബി ആക്കിയാണ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി റേറ്റിംഗ് ഉയര്‍ത്തിയത്.
സാമ്പത്തിക പുനരുജ്ജീവനവും സര്‍ക്കാര്‍ നയങ്ങളും എടുത്തുപറഞ്ഞ ഏജന്‍സി രാജ്യത്തിന്റെ ഭാവിയില്‍ സ്ഥിരതയുള്ള കാഴ്ചപ്പാട് നിലനിര്‍ത്തി. സാമ്പത്തിക നയങ്ങള്‍ സുസ്ഥിരമാകുന്നതും അടിസ്ഥാന സൗകര്യ വികസന രംഗത്തെ കൂടുതല്‍ നിക്ഷേപവും രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയെ സഹായിക്കുന്നു.
യുഎസ് താരിഫിന്റെ ആഘാതം ഒരുപരിധിവരെ ശമിപ്പിക്കാന്‍ രാജ്യത്തിനാകും. “ശക്തമായ സാമ്പത്തിക വികാസം ഇന്ത്യയുടെ ക്രെഡിറ്റ് മെട്രിക്‌സുകളില്‍ ക്രിയാത്മകമായ സ്വാധീനം ചെലുത്തുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ വളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ രാജ്യത്തിനാകും. ശക്തമായ സാമ്പത്തിക അടിസ്ഥാനങ്ങളാണ് ഇതിനെ പിന്തുണയ്ക്കുക. കൂടാതെ, പണനയ ക്രമീകരണങ്ങള്‍ പണപ്പെരുപ്പത്തെ നിയന്ത്രിച്ചു.” ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
മികച്ച പ്രകടനം നടത്തുന്ന സമ്പദ് വ്യവസ്ഥകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ഇന്ത്യ കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളെ അതിജീവിക്കുകയും 2022 മുതല്‍ 2024 വരെ 8.8 ശതമാനം ജിഡിപി വളര്‍ച്ച നിലനിര്‍ത്തുകയും ചെയ്തു. ഇത് ഏഷ്യ-പസഫിക്കിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ്. ഇത് ഹ്രസ്വകാലത്തില്‍ തുടരും. വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ 6.8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് എസ്ആന്റ് പി പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നുണ്ടെങ്കിലും (ധനക്കമ്മി), സമ്പദ്വ്യവസ്ഥ വേഗത്തില്‍ വളരുകയാണ്.സമ്പദ്വ്യവസ്ഥയുടെ വലുപ്പവുമായി (ജിഡിപി) താരതമ്യപ്പെടുത്തുമ്പോള്‍ കടത്തിന്റെ വലുപ്പം അത്ര മോശമായി തോന്നുന്നില്ല. അത് നിയന്ത്രണത്തിലാണ്.