വിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണി

ഇക്കോ ടൂറിസവും സുരക്ഷിത ജല ഗതാഗതവും ലക്ഷ്യമിട്ട് അഷ്ടമുടിയിൽ സോളാർ ബോട്ട് സർവീസ് എത്തുന്നു

കൊല്ലം: പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവും സുരക്ഷിത ജല ഗതാഗതവും ലക്ഷ്യമിട്ട് അഷ്ടമുടി കായലിൽ സോളാർ ബോട്ട് സർവീസ് ആരംഭിക്കാൻ തീരുമാനം. രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച ഒറ്റനില സോളാർ ബോട്ട് ഫെബ്രുവരി മാസത്തിൽ സർവീസിന് എത്തും. എന്നാൽ ഏത് റൂട്ടിലാണ് സർവീസ് നടത്തുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. വിനോദസഞ്ചാര മേഖലയിൽ ‘സീ അഷ്ടമുടി’ സർവീസിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സോളാർ ബോട്ട് സർവീസ് തുടങ്ങാനുള്ള തീരുമാനം. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ഇന്ധന ചെലവ് വൻതോതിൽ കുറയ്ക്കുക, ജല ഗതാഗതത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ബോട്ടിന്റെ ട്രയൽ റൺ നിലവിൽ പുരോഗമിക്കുകയാണ്.

ബോട്ടിന്റെ സാങ്കേതിക സവിശേഷതകൾ

15 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള ബോട്ടിൽ ഒരേ സമയം 30 യാത്രക്കാരെ കൊണ്ടുപോകാനാകും. രണ്ട് എഞ്ചിനുകളിലാണ് പ്രവർത്തനം. മണിക്കൂറിൽ പരമാവധി 20 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. നിലവിൽ ഡീസൽ ബോട്ടുകൾ 13 മണിക്കൂർ സർവീസ് നടത്തുമ്പോൾ ഏകദേശം 14,000 രൂപ ഇന്ധന ചെലവ് വരുമ്പോൾ, സോളാർ ബോട്ടുകളുടെ പ്രവർത്തന ചെലവ് 500 രൂപയിൽ താഴെയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഈ ചെലവ് കുറവ് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. മൂന്ന് കിലോമീറ്റർ ദൂരത്തിന് ആറു രൂപയാണ് ടിക്കറ്റ് നിരക്ക്.

ഫ്ലോട്ടിംഗ് ജെട്ടികളും ചാർജിംഗ് സൗകര്യവും അനിവാര്യം

സോളാർ ബോട്ടുകൾ അടുപ്പിക്കാൻ ഫ്ലോട്ടിംഗ് ബോട്ട് ജെട്ടികൾ നിർബന്ധമാണ്. ഫൈബർ കറ്റാമറൈൻ വിഭാഗത്തിൽപ്പെട്ട ബോട്ടുകളായതിനാൽ സാധാരണ ബോട്ട് ജെട്ടികളിൽ ഇവ സുരക്ഷിതമായി അടുപ്പിക്കാൻ കഴിയില്ല. തെങ്ങിൻ കുറ്റികളിലോ കോൺക്രീറ്റ് ഘടനകളിലോ ഇടിച്ചാൽ വേഗത്തിൽ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. വേലിയേറ്റവും വേലിയിറക്കവും ശക്തമായ അഷ്ടമുടി കായലിലും കല്ലടയാറിലും നിലവിലുള്ള സംവിധാനങ്ങൾ മതിയാകില്ലെന്നാണ് വിലയിരുത്തൽ. ഭിന്നശേഷി സൗഹൃദമായി ഫ്ലോട്ടിംഗ് ജെട്ടികൾ രൂപകല്പന ചെയ്യേണ്ടതുണ്ട്. ഉൾനാടൻ ജല ഗതാഗത വകുപ്പും ഇറിഗേഷൻ വകുപ്പുമാണ് ഇത്തരം സംവിധാനങ്ങൾ ഒരുക്കേണ്ടത്. മദർ സ്റ്റേഷനിലും റൂട്ടിന്റെ അവസാന പോയിന്റുകളിലും ബോട്ട് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കേണ്ടതുണ്ട്.

സീ അഷ്ടമുടിയുടെ അനുഭവം, വൈക്കം – തവണക്കടവ് മാതൃക

‘സീ അഷ്ടമുടി’ ബോട്ട് സർവീസ് ഒന്നര വർഷത്തിനുള്ളിൽ നിർമാണ ചെലവ് തിരിച്ചു പിടിച്ചിരുന്നു. 1.90 കോടി രൂപ ചെലവിൽ ആരംഭിച്ച സർവീസിന് ശരാശരി പ്രതിദിന വരുമാനം 39,000 രൂപയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സർവീസ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടതാകുകയും ചെയ്തു. സോളാർ ബോട്ട് സർവീസിൽ വിജയിച്ച വൈക്കം – തവണക്കടവ് റൂട്ടിൽ ദിവസേന 22 ട്രിപ്പുകളാണ് നടത്തുന്നത്. ഓരോ കരയിലേക്കും അര മണിക്കൂർ വീതമുള്ള സർവീസായതിനാൽ മഴക്കാലത്തും ചാർജിംഗിന് വലിയ പ്രതിസന്ധിയില്ല. ഇരു വശങ്ങളിലും ചാർജിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സൂര്യ പ്രകാശം ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും ബാറ്ററി ചാർജ് ഉപയോഗിച്ച് സർവീസ് തുടരാൻ കഴിയുന്നതും സോളാർ ബോട്ടുകളുടെ പ്രധാന നേട്ടമായി കണക്കാക്കുന്നു. അഷ്ടമുടി കായലിലെ സോളാർ ബോട്ട് സർവീസ് പ്രവർത്തനക്ഷമമായാൽ സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഈ മാതൃക വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് വിനോദസഞ്ചാര- ജലഗതാഗത വകുപ്പുകളുടെ വിലയിരുത്തൽ. ഡീസൽ ബോട്ടുകളെ ഘട്ടംഘട്ടമായി പകരം വയ്ക്കുന്നതിനുള്ള സാധ്യതയും ഇതോടെ പരിശോധിക്കും. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക ലാഭവും ഒരുമിച്ച് ഉറപ്പാക്കുന്ന പദ്ധതി എന്ന നിലയിൽ സോളാർ ബോട്ട് സർവീസ് വിനോദസഞ്ചാര രംഗത്ത് പുതിയ ദിശ തുറക്കുമെന്ന പ്രതീക്ഷയുമുണ്ട്.

X
Top