
ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ നിർമാണ മേഖലയ്ക്കുള്ള രണ്ടാംഘട്ട പ്രോത്സാഹന പദ്ധതി പ്രഖ്യാപിക്കാൻ കേന്ദ്രം. സർക്കാർ സബ്‌സിഡികളെ മൊബൈൽ ഫോൺ കയറ്റുമതിയുമായും പ്രാദേശിക ഘടകങ്ങളുടെ ഉപയോഗവുമായും ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നു. ആപ്പിൾ, സാംസങ് എന്നീ കമ്പനികൾക്കും അവരുടെ വിതരണക്കാർക്കുമടക്കം ഗുണം ചെയ്യുന്നതാണ് പദ്ധതിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
മൊബൈൽഫോൺ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരിപാടിയുടെ രണ്ടാം ഘട്ടമാണിത്. വിദേശത്തേക്ക് ഉപകരണങ്ങൾ കയറ്റി അയയ്ക്കുന്ന കമ്പനികൾക്ക് സാമ്പത്തിക ആനുകൂല്യം കേന്ദ്ര സർക്കാർ നൽകിയേക്കും.
നിലവിലെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പ്രോഗ്രാം മാർച്ച് 31-ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ പദ്ധതി തയ്യാറാക്കുന്നത്. പി.എൽ.ഐ പ്രധാനമായും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ പുതിയ പദ്ധതി കയറ്റുമതിയും പ്രാദേശികവത്കരണവും പ്രോത്സാഹിപ്പിക്കാനുള്ളതാണ്.
ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്തെ മുന്നേറ്റം എടുത്തു കാണിക്കുന്നതാണ് ആപ്പിളിന്റെ വളർച്ച. ഐഫോണുകൾ കരാർ അടിസ്ഥാനത്തിൽ നിർമിക്കുന്ന കമ്പനികളാണ് രാജ്യത്തെ സ്മാർട്ട്‌ഫോൺ കയറ്റുമതിയുടെ ഏകദേശം മുക്കാൽ പങ്കും കൈയടക്കുന്നത്.
ഈ മുന്നേറ്റം ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഹാൻഡ്സെറ്റ് കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ മാറ്റാൻ സഹായിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ യു.എസിലേക്ക് അയയ്ക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഇത് യു.എസിൽ വിൽക്കുന്ന സ്മാർട്ട്‌ഫോണുകളുടെ മുൻനിര നിർമാതാവെന്ന നിലയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തും.
ഇന്ത്യയിൽ വിൽക്കുന്ന മിക്കവാറും എല്ലാ സ്മാർട്ട്‌ഫോണുകളും നിലവിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്നവയാണ്. പ്രാദേശിക ഉത്പാദനം എന്ന ആദ്യത്തെ പ്രോത്സാഹന പരിപാടിയുടെ ലക്ഷ്യം ഏറെക്കുറെ നിറവേറ്റിയതായി കേന്ദ്രം വിശ്വസിക്കുന്നു. ഇതോടെയാണ് കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള നീക്കം.
കയറ്റുമതി കേന്ദ്രമായി രാജ്യത്തെ ഉപയോഗിക്കാൻ ഒപ്പോ, വിവോ, ഷവോമി തുടങ്ങിയ ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളെ പ്രേരിപ്പിക്കാനും കേന്ദ്രം ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ കമ്പനികൾ പ്രധാനമായും ആഭ്യന്തര വിപണിക്കുവേണ്ടിയാണ് നിലവിൽ ഇന്ത്യയിൽ ഉത്പാദനം നടത്തുന്നത്.
‘മേക്ക് ഇൻ ഇന്ത്യ’ പരിപാടി ഇനിയും ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിലൂടെ സ്മാർട്ട്‌ഫോൺ നിർമാണ രംഗത്ത് ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന നിലയിലേക്ക് രാജ്യം മാറിയേക്കും.






