
കൊച്ചി: ബംഗളൂരു ആസ്ഥാനമായുള്ള സ്കിൻകെയർ സ്റ്റാർട്ടപ്പായ ഡീകൺസ്ട്രക്റ്റ്, കലാരി ക്യാപിറ്റലിന്റെ മുൻനിര പ്രോഗ്രാമായ സിഎക്സ്എക്സ്ഒ, ബീനെക്സ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ 2 ദശലക്ഷം ഡോളറിന്റെ മൂലധനം സമാഹരിച്ചു. 2021-ൽ മാലിനി അടപ്പുറെഡ്ഡി സ്ഥാപിച്ച ഡീകൺസ്ട്രക്റ്റ്, ശാസ്ത്രീയ ഗവേഷണത്തിന്റെ സഹായത്തോടെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നു.
കൂടാതെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലെ ചേരുവകളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാൻ സ്റ്റാർട്ടപ്പ് ഉദ്ദേശിക്കുന്നു. കമ്പനിയുടെ പ്രതിമാസ വളർച്ചാ നിരക്ക് 25-30 ശതമാനമാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 കോടി രൂപ മൂല്യമുള്ള ബ്രാൻഡായി മാറാൻ ഡീകൺസ്ട്രക്റ്റ് ലക്ഷ്യമിടുന്നു.
ഗവേഷണ വികസനത്തിനും പുതിയ നിയമനങ്ങൾ നടത്തുന്നതിനും പ്രവർത്തന വിപുലീകരണത്തിനുമായി മൂലധനം ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള കലാരിയുടെ മുൻനിര പ്രോഗ്രാമായ സിഎക്സ്എക്സ്ഒയുടെ പിന്തുണയുള്ള അഞ്ചാമത്തെ സ്റ്റാർട്ടപ്പാണ് ഡീകൺസ്ട്രക്റ്റ്.






