
ന്യൂഡല്‍ഹി: 2025-26 സാമ്പത്തികവര്‍ഷത്തിന്റെ ധനകമ്മി ലക്ഷ്യമായ ജിഡിപിയുടെ 4.4 ശതമാനം അഥവാ 15.69 ലക്ഷം കോടി കൈവരിക്കാനാകുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഡല്‍ഹി സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ജിഡിപിയുടെ (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) 4.8 ശതമാനമായിരുന്നു ധനക്കമ്മി.
ലക്ഷ്യം സാമ്പത്തികം മാത്രമല്ല, പാര്‍ലമെന്റിനോടുള്ള പ്രതിജ്ഞാബദ്ധത കൂടിയാണ്.പാര്‍ലമെന്റ് പാസാക്കിയ ധനകാര്യ ഉത്തരവാദിത്തവും ബജറ്റ് മാനേജ്‌മെന്റ് (FRBM) നിയമവും, ധനക്കമ്മി, ജിഡിപിയുടെ 4.5 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താന്‍ ആവശ്യപ്പെടുന്നു. കടം-ജിഡിപി അനുപാതം 56.1 ശതമാനമായി കുറയ്ക്കുകയും ലക്ഷ്യമാണ്. മുന്‍സാമ്പത്തികവര്‍ഷത്തിലെ ലക്ഷ്യം 57.1 ശതമാനമായിരുന്നു.
കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ധനക്കമ്മി, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനമായിട്ടുണ്ട്. 2026 ഫെബ്രുവരിയില്‍ സീതാരാമന്‍ അടുത്ത കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ധനകാര്യ അച്ചടക്കത്തിലേക്കും സാമ്പത്തിക പരിഷ്‌കരണത്തിലേക്കുമുള്ള വാതിലായി ബജറ്റ് മാറുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.






