
സിം കാർഡ് ഊരി മാറ്റിയാൽ വാട്സാപ്പും ടെലിഗ്രാമും പോലെയുള്ള മെസേജിങ് ആപ്പുകളും ഇനി മുതൽ നിശ്ചലമാവും. ഇതിനായി കേന്ദ്ര ടെലികോം വകുപ്പ് നൽകിയ ഉത്തരവിന്റെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കാനിരിക്കയാണ്. ഈ തീയതിക്കകം പരിഷ്കരണം നടപ്പാക്കണമെന്നാണ് കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
വാട്സാപ് പോലെയുള്ള ആപ്പുകൾറജിസ്റ്റർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണ്. എന്നാൽ തുടർ ഉപയോഗത്തിന് അതേ സിം അക്ടീവ് ആയി ഫോണിൽ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. ഇത് തപ്പുകൾക്കും ക്ലോണിങ് വഴിയുള്ള കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നു എന്ന് കണ്ടാണ് പരിഷ്കരണം നിര്‍ദ്ദേശിച്ചത്.
സിം ഉപേക്ഷിച്ച ശേഷവും വൈഫൈ ഉപയോഗിച്ചോ ഇതര നെറ്റ് വര്‍ക്ക് ആക്സസുകൾ വഴിയോ ആപ് പ്രവർത്തിപ്പിക്കാൻ കഴിയുന്ന സൗകര്യമാണ് മാറുന്നത്. സിം ഡീ ആക്ടിവേറ്റ് ചെയ്യുകയോ തുടര്‍ന്നും നെറ്റ് വര്‍ക്കിൽ ആക്ടീവായി നിര്‍ത്തുകയോ ചെയ്യേണ്ടി വരും.
സിം കാർഡ് ഇല്ലെങ്കിൽ ആപ് ഉപയോഗിക്കാൻ കഴിയാത്ത തരത്തിലേക്ക് സാങ്കേതിക സംവിധാനം മാറ്റണമെന്നാണ് നിർദേശം. സിം ഫോണിൽ നിന്ന് മാറിയാൽ ആപ് പ്രവർത്തനം നിലയ്ക്കണം. യുപിഐ,ബാങ്ക് ആപ്പുകൾ ഈ രീതിയുള്ളവയാണ്. ഫോണിൽ റജിസ്റ്റേഡ് സിം ഇല്ലെങ്കിൽ ഗൂഗിൾ പേ വഴി ഇടപാട് നടത്താനാകില്ല. ഇത്തരത്തിലാണ് മാറ്റം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
നിലവിൽ ചില ആപ്പുകളിൽ ഈ സംവിധാനം പിന്തുടരുന്നുണ്ട്. വെബ് വേര്‍ഷനുകളിൽ എന്ത് സംഭവിക്കും എന്നതും ആകാംക്ഷയാണ്. ഡെസ്ക് ടോപ്പുകളിൽ ഓരോ ആറു മണിക്കൂറിലും സ്കാൻ ചെയ്ത് സിം ബന്ധം പുനസ്ഥാപിക്കേണ്ടി വരുന്ന പരിഷ്കരണമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.






