
മുംബൈ: പുതിയ നികുതി വ്യവസ്ഥ പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിന് ഇപ്പുറം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ചെലവിനേക്കാള്‍ സമ്പാദ്യത്തിനും നിക്ഷേപത്തിനും മുന്‍ഗണന നല്‍കി. നൗക്കരി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രതിവര്‍ഷം 12.75 ലക്ഷം വരെ വരുമാനമുള്ള 20,000-ത്തിലധികം ജീവനക്കാരുടെ പ്രതികരണങ്ങളെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി.
പുതിയ നികുതി വ്യവസ്ഥ പ്രകാരം 12.75 ലക്ഷം വരെ വരുമാനമുളളവര്‍ ആദായ നികുതി നല്‍കേണ്ടതില്ല. സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ മിച്ച വരുമാനം നിക്ഷേപമാക്കുമ്പോള്‍ 30 ശതമാനം കടങ്ങള്‍ വീട്ടാനും 9 ശതമാനം ജീവിത ശൈലി നവീകരണത്തിനും ചെലവഴിക്കുന്നു.
വെറും 4 ശതമാനം മാത്രമാണ് യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും തയ്യാറാകുന്നത്. ഇത് ഇടത്തരക്കാരുടെ സാമ്പത്തിക വിവേകത്തെ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു. നികുതി നിയമങ്ങളെക്കുറിച്ചുള്ള അവബോധം അസമമാണ്. 64 ശതമാനം യുവത പുതിയ വ്യവസ്ഥയുടെ ഗുണങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ 43 ശതമാനം പേര്‍ക്ക് മാറ്റങ്ങള്‍ അവ്യക്തമാണ്.
സാങ്കേതിക വിദ്യ പ്രൊഫഷണലുകളാണ് സമ്പാദ്യത്തില്‍ മുന്നില്‍. 76 ശതമാനം പേര്‍. വാഹനമേഖലയില്‍ 63 ശതമാനം പേരും ഫാര്‍മ മേഖലയില്‍ 57 ശതമാനം പേരും എഫ്എംസിജി, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ യഥാക്രമം 64 ശതമാനം, 60 ശതമാനം പേരും സമ്പാദ്യ ശീലം കാത്തുസൂക്ഷിക്കുന്നു. പ്രാദേശികാടിസ്ഥാനത്തില്‍ ഡല്‍ഹിയും ഗുഡ്ഗാവുമാണ് മുന്നില്‍.
ഈ നഗരങ്ങളില്‍ യഥാക്രമം 63,64 ശതമാനം പേരാണ് മിച്ചവരുമാനം സാമ്പാദ്യമാക്കുന്നത്. വിരമിക്കല്‍ അധിഷ്ഠിത സമ്പാദ്യത്തില്‍ മുംബൈ മുന്നിലെത്തിയപ്പോള്‍ ചെന്നൈയിലെ 44 ശതമാനം പേര്‍ കടം തിരിച്ചടവിന് വരുമാനം ഉപയോഗിച്ചു.