
ന്യൂഡല്‍ഹി: വിതരണം ചെയ്ത മൊത്തം ചില്ലറ വായ്പകളില്‍ സ്ത്രീകളുടെ വിഹിതം 2022 ഡിസംബറില്‍ 26 ശതമാനമായി ഉയര്‍ന്ന് 26.07 ലക്ഷം കോടി രൂപയായി. 2021 ഡിസംബറില്‍ ഇത് 25 ശതമാനമായിരുന്നു(20.47 ലക്ഷം കോടി രൂപ). ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സിആര്‍ഐഎഫ് ഹൈ മാര്‍ക്ക് സമാഹരിച്ച കണക്കുകള്‍ പ്രകാരം മൊത്തം റീട്ടെയില്‍ വായ്പ ഔട്ട്സ്റ്റാന്റിംഗ് 2022 ഡിസംബറില്‍ 100.28 ലക്ഷം കോടി രൂപയാണ്.
സ്വര്‍ണ്ണ വായ്പകള്‍ (42 ശതമാനം വിഹിതം), വിദ്യാഭ്യാസ വായ്പകള്‍ (35 ശതമാനം), ഭവന വായ്പകള്‍ (32 ശതമാനം), വസ്തുവകകള്‍ക്കെതിരായ വായ്പ (29 ശതമാനം) എന്നിവയാണ് വനിതകള്‍ അധികം നേടിയത്. 2022 ഡിസംബറിലെ കണക്കനുസരിച്ച് സ്ത്രീകളുടെ സ്വര്‍ണ്ണവായ്പ ഔട്ട്സ്റ്റാന്റിംഗ് 64 ശതമാനവും ഇരുചക്ര വാഹന വായ്പ ഔട്ട്‌സറ്റാന്റിംഗ് 42 ശതമാനവും വ്യക്തിഗത വായ്പ ഔട്ട്സ്റ്റാന്റിംഗ് 35 ശതമാനവുമാണ്. പേഴ്‌സണല്‍ ലോണ്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ (സിഡി) ഒഴികെ,2020 മുതല്‍ 2022 വരെ എല്ലാ പ്രധാന റീട്ടെയില്‍ വായ്പാ ഉല്‍പ്പന്നങ്ങളുടെയും വനിത ശരാശരി ടിക്കറ്റ് വലുപ്പം (എടിഎസ്) വര്‍ദ്ധിച്ചു.
സിആര്‍ഐഎഫ് ഹൈ മാര്‍ക്ക് പറയുന്നതനുസരിച്ച്, പടിഞ്ഞാറന്‍, വടക്കന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കാണ് ഉയര്‍ന്ന ക്രെഡിറ്റ് എക്‌സ്‌പോഷര്‍.കണക്കനുസരിച്ച്, ഏറ്റവും കൂടുതല്‍ വീട്, ബിസിനസ്സ്, പ്രോപ്പര്‍ട്ടി, വാഹന, ഉപഭോക്തൃ ഡ്യൂറബിള്‍ ക്രെഡിറ്റ് എക്‌സ്‌പോഷര്‍ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. വ്യക്തിഗത, സ്വര്‍ണ്ണ, വിദ്യാഭ്യാസ, ഇരുചക്ര വാഹന വായ്പകള്‍ ലഭിക്കുന്ന വനിതാ വായ്പക്കാരുടെ എണ്ണത്തില്‍ തമിഴ് നാട് ഒന്നാം സ്ഥാനത്തായി.
മികച്ച അഞ്ച് സംസ്ഥാനങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ഔട്ട്‌സ്റ്റാന്റിംഗ് വിഹിതങ്ങള്‍ സ്വര്‍ണ്ണ വായ്പ (85 ശതമാനം), വിദ്യാഭ്യാസ വായ്പ (64 ശതമാനം), ഭവനവായ്പ (58 ശതമാനം) എന്നിങ്ങനെയാണ്.