
മുംബൈ: മെയ് 26 ന് അവസാനിച്ച ആഴ്ചയില്‍ (പ്രതിമാസ എക്‌സ്പയറി) ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് 1 ശതമാനത്തിലധികം ഉയര്‍ന്നു. ആഭ്യന്തര സ്ഥാപനങ്ങളുടെ വാങ്ങല്‍, സാധാരണ മണ്‍സൂണ്‍ പ്രവചനം, മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചാ ഡാറ്റ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു റാലി. ബിഎസ്ഇ സെന്‍സെക്‌സ് 772.01 പോയിന്റ് അഥവാ 1.25 ശതമാനം പ്രതിവാര നേട്ടത്തില്‍ 62501.69 ലെവലിലും നിഫ്റ്റി50 295.9 പോയിന്റ് അഥവാ 1.62 ശതമാനം പ്രതിവാര നേട്ടത്തില്‍ 18499.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
പ്രതിമാസ കണക്കെടുപ്പില്‍ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 1 ശതമാനവും 0.70 ശതമാനവും കൂട്ടിച്ചേര്‍ത്തപ്പോള്‍ ആഴ്ചയില്‍ ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്, ലാര്‍ജ് ക്യാപ് സൂചികകള്‍ യഥാക്രമം 2.5 ശതമാനം, 1.4 ശതമാനം, ഏകദേശം 2 ശതമാനമാണ് ഉയര്‍ന്നത്. മേഖല സൂചികകളെല്ലാം നേട്ടത്തിലായ ആഴ്ചയാണ് കടന്നുപോയത്. നിഫ്റ്റി മെറ്റല്‍ സൂചിക 5.6 ശതമാനവും ഫാര്‍മ സൂചിക 4 ശതമാനവും മീഡിയ സൂചിക 3.8 ശതമാനവും ഹെല്‍ത്ത് കെയര്‍ സൂചിക 3.8 ശതമാനവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 3.7 ശതമാനവും ഉയര്‍ന്നു.
ഒപ്റ്റിമസ് ഇന്‍ഫ്രാകോം, ന്യൂക്ലിയസ് സോഫ്‌റ്റ്വെയര്‍ എക്‌സ്‌പോര്‍ട്ട്‌സ്, ഷ്‌നൈഡര്‍ ഇലക്ട്രിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഹിന്‍ഡ്വെയര്‍ ഹോം ഇന്നൊവേഷന്‍, ഡിക്‌സണ്‍ ടെക്‌നോളജീസ്, ഓണ്‍വേര്‍ഡ് ടെക്‌നോളജീസ്, ശ്രേയസ് ഷിപ്പിംഗ് എന്നിവയുടെ പിന്തുണയോടെയാണ് ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 1.4 ശതമാനം ഉയര്‍ന്നത്. ജിഇ ടി ആന്‍ഡ് ഡി ഇന്ത്യ, ലിങ്കണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓറിയന്റ് ബെല്‍, ആശാപുര മൈനെചെം, അരിഹന്ത് സൂപ്പര്‍ സ്ട്രക്‌ചേഴ്‌സ്, പോളിപ്ലക്‌സ് കോര്‍പ്പറേഷന്‍, ജെകെ ലക്ഷ്മി സിമന്റ്, ഡിഷ്മാന്‍ കാര്‍ബോണ്‍ ആംസിസ്, ജിആര്‍എം ഓവര്‍സീസ് എന്നിവ അതേസമയം നഷ്ടം നേരിട്ടു. വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) 3,230.49 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര നിക്ഷേപകരുടെ(ഡിഐഐ) നിക്ഷേപം 3482.21 കോടി രൂപ.
ഈ മാസം ഇതുവരെ എഫ്‌ഐഐകള്‍ 20606.80 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയപ്പോള്‍ ഡിഐഐ 1192.47 കോടി രൂപ പിന്‍വലിക്കുകയായിരുന്നു.






