
വിപണിയിൽ കാളകളുടെ തേരോട്ടം തുടരുന്നതിനാൽ 2023 ഡിസംബറിൽ സെൻസെക്സ് 80,000 ത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് പ്രമുഖ അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലി പ്രവചിക്കുന്നു.
മോർഗൻ സ്റ്റാൻലിയുടെ ഇന്ത്യ സ്ട്രാറ്റജിസ്റ്റ് റിഥം ദേശായിയുടെ അഭിപ്രായത്തിൽ താഴെ പറയുന്ന സാഹചര്യങ്ങൾ അനുകൂലമാകുകയാണെങ്കിൽ ഇന്ത്യൻ ഓഹരി വിപണിക്ക് അടുത്ത വർഷം ഡിസംബർ ആകുമ്പോഴേക്കും പുതിയ ഉയരങ്ങൾ താണ്ടാൻ സാധിക്കും.
∙ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച ഈ രീതിയിൽ തന്നെ മുന്നോട്ട് പോകണം
∙ അമേരിക്കയിൽ മാന്ദ്യം രൂക്ഷമാകരുത്
∙ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പ്രശ്നങ്ങൾ വഷളാകരുത്
∙ അസംസ്കൃത എണ്ണയുടെ വില(മറ്റു കമ്മോഡിറ്റികളുടെയും) രാജ്യാന്തര വിപണയിൽ കുറഞ്ഞിരിക്കണം
ആഗോള ഓഹരി വിപണിയിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും ഇന്ത്യൻ ഓഹരി വിപണി ഒന്നിനെയും കൂസാക്കാതെ മുന്നോട്ട് കുതിക്കുകയാണ്. അസംസ്കൃത എണ്ണ വില കുറഞ്ഞതും, കമ്പനികളുടെ നല്ല പ്രകടനവും ഇന്ത്യൻ ഓഹരി വിപണിയെ പുതിയ ഉയരങ്ങൾ താണ്ടാൻ സഹായിക്കുന്നുണ്ട്.
ചൈനയിലെ കടുത്ത കോവിഡ് നയങ്ങൾ മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയിൽ കുറെനാളുകളായി പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇന്ത്യയിലെ ചില മേഖലയിലെ വ്യവസായങ്ങൾക്കെങ്കിലും അതിനെ ഒരു അവസരമാക്കി മാറ്റാൻ സാധിക്കുന്നുണ്ട്.
കൂടാതെ കേന്ദ്ര ബാങ്കുകൾ ഇനിയുള്ള പാദങ്ങളിൽ പണ നയം കടുത്ത രീതിയിൽ തുടരാൻ സാധ്യതയില്ലെന്ന വിദഗ്‌ധരുടെ അഭിപ്രായങ്ങളും ഓഹരി വിപണികളിൽ ഉണർവ് നിലനിർത്താൻ സഹായിക്കും.






