
തിരുവനന്തപുരം: സാമ്പത്തികപ്രശ്നത്തില്‍ വലഞ്ഞ് സ്വാശ്രയകോളേജ് ഉടമ മരിച്ചെന്ന വാർത്തയ്ക്കുപിന്നാലെ, സർക്കാരിന്റെ അനാസ്ഥയും ചർച്ചകളില്‍ നിറയുന്നു. കരംകുളം പി.എ. അസീസ് എൻജിനിയറിങ് കോളേജില്‍ ഉടമയുടേതെന്നു സംശയിക്കുന്ന മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയതാണ് ഇപ്പോഴത്തെ ചർച്ചകള്‍ക്ക് അടിസ്ഥാനം.
കോളേജുകള്‍ക്കുള്ള അംഗീകാരവും പരീക്ഷാനടത്തിപ്പും സർട്ടിഫിക്കറ്റ് നല്‍കലും മാത്രമേ സർക്കാർ പരിഗണിക്കുന്നുള്ളൂവെന്നും കോളേജുകളുടെ നടത്തിപ്പില്‍ മേല്‍നോട്ടമോ നിയന്ത്രണമോ കൊണ്ടുവരുന്നില്ലെന്നുമുള്ള വിമർശനമാണ് ഉയരുന്നത്.
സംസ്ഥാനത്ത് 175 എൻജിനിയറിങ് കോളേജുകളുണ്ട്. ഇതില്‍ 145 കോളേജും സ്വാശ്രയമേഖലയില്‍. അതില്‍ 30 എണ്ണം കടുത്തപ്രതിസന്ധിയിലാണ്. സർക്കാർ കൈയും കണക്കുമില്ലാതെയാണ് സ്വാശ്രയകോളേജുകള്‍ അനുവദിച്ചത്. ഒരു ട്രസ്റ്റ് രൂപവത്കരിച്ച് അപേക്ഷിച്ചാല്‍ അനുമതി ലഭിക്കുമെന്നാണ് സ്ഥിതി.
എൻജിനിയറിങ് പഠനത്തിന് ആകർഷണീയത കുറഞ്ഞതോടെയാണ് സ്വാശ്രയകോളേജുകള്‍ പ്രതിസന്ധിയിലായത്. കോഴ്സുകള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിലെ പ്രശ്നങ്ങളും ബാധിച്ചു. ഇതിലൊന്നും വേണ്ടത്ര സർക്കാർ ഇടപെടലില്ല.
കോളേജ് നടത്തിപ്പിന് എ.ഐ.സി.ടി.ഇ. വ്യവസ്ഥ കർശനമായി പാലിക്കണമെങ്കിലും ഇതുറപ്പാക്കാൻ സർക്കാർസംവിധാനമില്ല.
ശമ്പളം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ അധ്യാപകരുടെ പ്രതിഷേധമുയർന്നതും കരകുളം സ്വാശ്രയ കോളേജിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
മറ്റുകോളേജുകളിലും സമാനമായ പ്രശ്നങ്ങളുണ്ട്. മാസം 16,000 രൂപ മാത്രം ശമ്ബളംവാങ്ങി ജോലിചെയ്യേണ്ടിവരുന്ന അധ്യാപകരേറെ. പി.എഫ്. പോലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
മൂന്നുവർഷം മുൻപ് സ്വാശ്രയനിയമം പാസാക്കിയിട്ടും അത് നടപ്പാക്കുന്നതിലെ അനാസ്ഥയാണ് സ്വാശ്രയമേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് സെല്‍ഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ നേതാവ് കെ.പി. അബ്ദുള്‍ അസീസ് പറഞ്ഞു.