
ന്യൂഡല്‍ഹി: 2025-26 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ കേന്ദ്രസര്‍ക്കാറിന്റെ വിപണി കടമെടുപ്പ് മുന്‍പ് കണക്കാക്കിയ പോലെ 6.82 ലക്ഷം കോടി രൂപ മാത്രമായിരിക്കും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരന്‍ പ്രഖ്യാപിച്ചു. ധനകാര്യ അച്ചടക്കം പാലിക്കുന്നതിനും ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 4.4 ശതമാനം ധനക്കമ്മി ലക്ഷ്യമാണ് നടപ്പ് വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാറിനുള്ളത്. ഇത് ഏതാണ്ട് 15,68936 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി വിപണിയില്‍ നിന്ന് 14.82 ലക്ഷം കോടി രൂപ കടമെടുക്കേണ്ടിവരും.
ഇതില്‍ ഏതാണ്ട് 8 ലക്ഷം കോടി രൂപ (ഏകദേശം 54 ശതമാനം) വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ സമാഹരിക്കും.സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ വഴി സമാഹരിക്കുന്ന 10,000 കോടി രൂപ ഉള്‍പ്പടെയാണിത്.ബാക്കി 6.82 ലക്ഷം കോടി രൂപ രണ്ടാം പകുതിയില്‍ (ഒക്ടോബര്‍-മാര്‍ച്ച്) കടമെടുക്കും.
രണ്ടാംപകുതിയിലെ വായ്പാ കലണ്ടര്‍ റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ച് ഉടന്‍ പുറത്തിറക്കുമെന്നും സിഇഎ പറഞ്ഞു. ദീര്‍ഘകാല സര്‍ക്കാര്‍ ബോണ്ടുകളായ ഡേറ്റഡ് സെക്യൂരിറ്റികള്‍ വഴിയുള്ള വായ്പയുടെ ഷെഡ്യൂളും ഘടനയുള്‍പ്പടെയാണിത്.
നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ജിഡിപി വളര്‍ച്ച 6.3-6.8 ശതമാനമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. തിങ്കളാഴ്ച നടപ്പിലാക്കിയ ജിഎസ്ടി പരിഷ്‌ക്കരണത്തിന്റെ പിന്തുണയോടെയാണിത്.