മുംബൈ: ഡെറിവേറ്റീവ് വ്യാപാരം നിയന്ത്രിക്കാൻ കർശന വ്യവസ്ഥകള്‍ കൊണ്ടുവരാൻ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ.ഇതുസംബന്ധിച്ച നിർദേശങ്ങള്‍ ഉടനെ പ്രാബല്യത്തിലാകും.
ഊഹക്കച്ചവടത്തിലൂടെ വർഷംതോറും 50,000 കോടിയിലേറെ രൂപയുടെ നഷ്ടം ചെറുകിട നിക്ഷേപകർക്കുണ്ടാകുന്നുണ്ടെന്നാണ് സെബിയുടെ വിലയിരുത്തല്‍.
ജൂലായില്‍ പുറത്തുവിട്ട കണ്‍സള്‍ട്ടേഷൻ പേപ്പറില്‍ സെബി നിർദേശിച്ച ഏഴ് മാനദണ്ഡങ്ങളില്‍ ചെറിയ മാറ്റങ്ങളോടെയാകും പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. വ്യവയാസയ പങ്കാളികളില്‍നിന്ന് ലഭിച്ച പ്രതികരണം അനുസരിച്ചാകും ബോർഡ് യോഗത്തിന് മുമ്ബായി വ്യവസ്ഥകളില്‍ മാറ്റം വരുത്തുക.
ആറായിരത്തിലധികം സ്ഥാപനങ്ങളില്‍നിന്നാണ് പ്രതികരണങ്ങള്‍ ലഭിച്ചത്.
പൊതുജനങ്ങളില്‍നിന്നുള്ള പ്രതികരണങ്ങളും തേടിയിരുന്നു. ഇതെല്ലാം പരിശോധിച്ചു വരികയാണെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും സെബി മേധാവി ബാധബി പുരി ബുച്ച് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
ഘട്ടംഘട്ടമായിട്ടായിരിക്കും നിർദേശങ്ങള്‍ നടപ്പാക്കുക. ഇടപാടുകാരുടെ യോഗ്യതാ മാനദണ്ഡവും പരിഷ്കരിക്കും. പ്രതിവാര ഓപ്ഷൻ കരാറുകള്‍ ഒരു എക്സ്ചേഞ്ചിന് ഒരു ഇൻഡക്സില്‍ പരിമിതപ്പെടുത്തുക, ചുരുങ്ങിയ കരാർ തുക അഞ്ച് ലക്ഷം രൂപയില്‍നിന്ന് 15-20 ലക്ഷം രൂപയായി ഉയർത്തുക തുടങ്ങിയവ നിർദേങ്ങളിലുണ്ട്. കരാർ നിലവില്‍വന്ന് ആറു മാസത്തിന് ശേഷം ഇത് വീണ്ടും വർധിപ്പിക്കും.
സെബിയുടെ നിർദേശങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരമായിട്ടുണ്ടെങ്കിലും ചില കാര്യങ്ങളില്‍ എക്സ്ചേഞ്ചുകള്‍ ആശങ്ക അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
പ്രതിദിന ടേണോവർ 400 ലക്ഷം കോടി രൂപ കവിയുകയും ചെറുകിട നിക്ഷേപകർക്ക് കാര്യമായ നഷ്ടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പത്തിക വിദഗ്ധർ പ്രകടിപ്പിച്ച ആശങ്കകള്‍ക്കിടെയാണ് സെബിയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്.
നിർദേശങ്ങള്‍ നടപ്പാക്കിയാല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്‌ഇയുടെയും ബിഎസ്‌ഇയുടെയും ലാഭത്തില്‍ കുറവുണ്ടാകും. അതേസമയം, ഇക്കാര്യത്തില്‍ സെബിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് എൻഎസ്‌ഇയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആശിഷ്കുമാർ ചൗഹാൻ വ്യക്തമാക്കിയിട്ടുണ്ട്.
സെബിയുടെ നിർദേശ പ്രകാരം എക്സ്ചേഞ്ചുകള്‍ ഓപ്ഷൻ സെഗ്മെന്റിലെ ഓഫറുകള്‍ കുറയ്ക്കേണ്ടിവരും. ആഴ്ചതോറുമുള്ള കരാറുകള്‍ക്ക് ഒരൊറ്റ ബെഞ്ച്മാർക്ക് നിശ്ചയിക്കേണ്ടിവരും.
നിലവില്‍ ആഴ്ചയിലെ ഓരോ ദിവസവും ഒരോ സൂചിക അടിസ്ഥാനമാക്കിയുള്ളതാണ്. ഊഹക്കച്ചവടത്തെ പ്രോത്സാപ്പിക്കുന്നതായതിനാലാണ് സെബി ഇതില്‍ മാറ്റം നിർദേശിക്കുന്നത്.
വ്യക്തികള്‍ക്കും പ്രൊപ്പ്രൈറ്റർഷിപ്പ് സ്ഥാപനങ്ങള്‍ക്കും 2024 സാമ്പത്തിക വർഷം ശരാശരി 51,689 കോടി രൂപയുടെ സഞ്ചിത നഷ്ടമുണ്ടായതായാണ് സെബിയുടെ കണക്ക്.