മുംബൈ: വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർക്ക് (എഫ്പിഐ) കമ്മോഡിറ്റി എക്സ് ചേഞ്ചുകളിൽ ഉൽപ്പന്ന അവധി നടത്താനുള്ള അനുമതി സെക്യുറിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) നൽകിയിരിക്കുന്നു. കാർഷിക ഉൽപ്പന്നങ്ങൾ ഒഴികെ ഉള്ള ഉൽപ്പന്നങ്ങളിൽ ഇടപാടുകൾ നടത്താൻ സാധിക്കും. അവധി വ്യാപാരം നടത്തുന്ന വിദേശ പോർട്ടഫോളിയോ നിക്ഷേപകർക്ക് ഉൽപ്പന്നങ്ങൾ യഥാർത്ഥത്തിൽ വാങ്ങേണ്ടതില്ല. തുടക്കത്തിൽ പണം ഉപയോഗിച്ചു തീർപ്പാക്കുന്ന കരാറുകളിലാണ് എഫ് പി ഐ കൾക്ക് നിക്ഷേപിക്കാൻ കഴിയുക. വ്യക്തികളോ, കുടുംബ ബിസിനസ്സോ, കോര്പറേറ്റ് സ്ഥാപനമോ അല്ലാത്ത എഫ് പി ഐ കൾക്ക് പൊസിഷൻ പരിധി മ്യൂച്വൽ ഫണ്ടുകൾക്ക് ബാധകമാകുന്നതു പോലെ മറ്റുള്ളവർക്ക് ക്ലയന്റ് ലെവൽ പൊസിഷൻ പരിധിയുടെ 20 % വരെ ഒരു അവധി വ്യാപാര കോൺട്രാക്ടിൽ നിക്ഷേപിക്കാം.
നിലവിൽ മ്യൂച്വൽ ഫണ്ടുകൾ, എ ഐ എഫ് (alternate investment funds), പോർട്ട് ഫോളിയോ മാനേജ് മെൻറ്റ് സെർവിസ്സ് നൽകുന്ന സ്ഥാപനങ്ങൾക്ക് അവധി വ്യാപാരത്തിൽ പങ്കെടുക്കാൻ അനുമതി ഉണ്ട്. എഫ് പി ഐ കൾക്ക് കൂടി അനുമതി നൽകിയത് ഉൽപ്പന്ന അവധി വ്യാപാരം വികസിപ്പിക്കാൻ സഹായകരമാകുമെന്ന് ബ്രോകിങ് സ്ഥാപനങ്ങൾ അഭിപ്രായപ്പെട്ടു. ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം പിൻ വലിക്കുന്ന എഫ് പി ഐ കൾ മറ്റ് രാജ്യങ്ങളിൽ ഓഹരികൾ വാങ്ങാൻ പായുന്നതിന് പകരം ഉൽപ്പന്ന വ്യാപാരം പരിഗണിക്കാനും സാധ്യത ഉണ്ട്.