ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് യൂട്ടിലിറ്റിയായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിന്റെ തലവനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫിനാൻസ് ഡയറക്ടർ സന്ദീപ് കുമാർ ഗുപ്തയെ തിരഞ്ഞെടുത്തതായി സർക്കാർ അറിയിച്ചു. പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് (പിഇഎസ്‌ബി) 10 ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തിയതിന് ശേഷമാണ് ഗെയിൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി ഗുപ്തയെ (56) തിരഞ്ഞെടുത്തതെന്ന് അഭിമുഖത്തിന് ശേഷമുള്ള അറിയിപ്പിൽ പറയുന്നു. ആഗസ്ത് 31ന് വിരമിക്കാനിരിക്കുന്ന മനോജ് ജെയിന് പകരക്കാരനായി അദ്ദേഹം ചുമതലയേൽക്കും. വിദ്യാഭ്യാസത്തിൽ കൊമേഴ്‌സ് ബിരുദധാരിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ ഗുപ്തയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, ഇന്ധന വിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ (ഐഒസി) 31 വർഷത്തിലേറെ പ്രവൃത്തി പരിചയമുണ്ട്. 2019 ഓഗസ്റ്റ് 3 മുതൽ അദ്ദേഹം ഐഒസിയുടെ ഡയറക്ടർ (ധനകാര്യം) ആണ്.
ഫിനാൻസ്, അക്കൗണ്ട്സ് പ്രവർത്തനങ്ങളുടെ ഏതാണ്ട് മുഴുവനായും കൈകാര്യം ചെയ്ത അനുഭവം അദ്ദേഹത്തിനുണ്ട്. ഐഒസിയിൽ, സാമ്പത്തിക ആസൂത്രണവും വിശകലനവും, കോർപ്പറേറ്റ് ഫിനാൻസ്, ട്രഷറി, അന്താരാഷ്ട്ര വ്യാപാരം, വിലനിർണ്ണയം എന്നിവയുടെ ഉത്തരവാദിത്തം അദ്ദേത്തിനായിരുന്നു. ഐഓസി മിഡിൽ ഈസ്റ്റ് FZE ദുബായ്, ഇന്ത്യൻ ഓയിൽ പെട്രോണാസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡിലും ഗുപ്ത അംഗമാണ്.
എസിസി അംഗീകരിച്ചാൽ, ഗുപ്തയ്ക്ക് 2026 ഫെബ്രുവരി വരെ കാലാവധി ഉണ്ടാകും. 14,502 കിലോമീറ്റർ ഗ്യാസ് പൈപ്പ്‌ലൈൻ ശൃംഖലയും പ്രതിദിനം 206 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ ശേഷിയുമുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് ട്രാൻസ്മിഷൻ ആൻഡ് ഗ്യാസ് മാർക്കറ്റിംഗ് കമ്പനിയാണ് ഗെയിൽ. അതിന്റെ പ്രകൃതി വാതക പൈപ്പ്ലൈൻ ശൃംഖല 21 സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്നു. ഇന്ത്യയിലെ ഗ്യാസ്-ട്രാൻസ്മിഷൻ നെറ്റ്‌വർക്കിന്റെ 70 ശതമാനവും പ്രകൃതിവാതക വിൽപ്പനയുടെ 50 ശതമാനത്തിലധികം വിഹിതവും ഗെയിലിന്റെ കൈവശമാണ്.