
കൊച്ചി: അങ്കമാലി-എരുമേലി ശബരിപ്പാത നിർമാണം വീണ്ടും ആരംഭിക്കുന്നതിന് സ്ഥലമെടുപ്പ് വിജ്ഞാപനം ഇറക്കണമെന്ന് റെയിൽവേ കേരളത്തോട് ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവേയുടെ സംസ്ഥാനത്തെ കൺസ്ട്രക്ഷൻ വിഭാഗം എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാർക്ക് ഇക്കാര്യം ഉന്നയിച്ച് കത്തയച്ചു.
എത്രയുംവേഗം വിജ്ഞാപനം ഇറക്കുകയും നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന് കത്ത് നൽകുകയും വേണം എന്ന ആവശ്യമാണ് റെയിൽവേ ഉന്നയിച്ചിരിക്കുന്നത്. എങ്കിൽ മാത്രമേ കേരളവും റെയിൽവേയുമായി ധാരണാപത്രം ഒപ്പിടാൻ കഴിയൂ. ഇതു ചെയ്താൽ മാത്രമേ മരവിപ്പിച്ച നടപടി റദ്ദാക്കാൻ ചട്ടപ്രകാരം റെയിൽവേ ബോർഡിന് സാധിക്കുകയുള്ളൂ.
നിർമാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്ന് കഴിഞ്ഞ ഡിസംബറിൽ കേരളത്തോട് റെയിൽവേ ആവശ്യപ്പെട്ടതാണ്. എന്നാൽ, ഇതുവരെ കേരളം മറുപടി നൽകിയിട്ടില്ല. സ്ഥലമെടുപ്പ് ഒാഫീസുകൾ വീണ്ടും തുറക്കാൻ രണ്ടുദിവസം മുൻപ് ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
പദ്ധതി പുനരാരംഭിക്കുമ്പോൾ എല്ലാം ആദ്യം മുതൽ തുടങ്ങണം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വിജ്ഞാപനം ഉണ്ടെങ്കിലേ ചട്ടപ്രകാരം സർവേ നടത്താനും കല്ലിടാനും കഴിയൂ എന്ന് റെയിൽവേ പറയുന്നു.
1997-98 കാലത്ത് വാജ്പേയ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതി 2019-ലാണ് മരവിപ്പിച്ചത്. പാലങ്ങളുടെ ഉൾപ്പെടെ ടെക്നിക്കൽ ഡ്രോയിങ്ങുകൾ പുതുതായി വരയ്ക്കേണ്ടി വരും. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, എക്സിക്യുട്ടീവ് എൻജിനിയർ തുടങ്ങിയവർ ഉൾപ്പെടെയുള്ള കൂടുതൽ ഉദ്യോഗസ്ഥരെയും റെയിൽവേയ്ക്ക് നിയോഗിക്കേണ്ടതുണ്ട്.
കോട്ടയം ജില്ലയിലെ രാമപുരം മുതൽ എരുമേലി വരെയുള്ള സർവേയുടെ അലൈൻമെന്റ് തയ്യാറാക്കിയത് കെആർഡിസിഎൽ ആണ്.
പഴയ മാനദണ്ഡങ്ങൾ പലതും മാറിയിട്ടുണ്ട്. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സർവീസ് നടത്താൻ യോജിച്ച തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. 111 കിലോമീറ്റർ നീളമുള്ള ശബരിപാതയിൽ 14 സ്റ്റേഷനുകളാണുള്ളത്.






