
മോസ്‌ക്കോ: ഇന്ത്യയിലേയ്ക്കുള്ള അസംസ്‌കൃത എണ്ണ കയറ്റുമതി അനുസ്യൂതം തുടരുകയാണെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആന്‍ഡ്രി റുഡെന്‍കോ.പത്രപ്രവര്‍ത്തകരുടെ ഇത് സംബന്ധിച്ച ചോദ്യത്തിന് ‘എല്ലാം തുടരുന്നു’ എന്നദ്ദേഹം മറുപടി നല്‍കി. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഊര്‍ജ്ജ വിശകലന സ്ഥാപനമായ ക്ലെപ്ലറിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം ആദ്യപകുതിയില്‍ റഷ്യയില്‍ നിന്നും പ്രതിദിനം 18 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
ജൂണില്‍ പ്രതിദിനം 20 ലക്ഷം ബാരല്‍ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, ജൂലൈയിലും സെപ്തംബറിലും ഇത് 16 ലക്ഷം ബാരലായി ചുരുക്കി. റഷ്യന്‍ എണ്ണവാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് മേലുള്ള അന്‍പത് ശതമാനം തീരുവ തുടരുമെന്ന ട്രംപ് മുന്നറിയിപ്പിന് പിന്നാലെയാണ് റഷ്യന്‍ മന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയുടെ റഷ്യന്‍ എണ്ണവാങ്ങല്‍ ട്രംപിനെ പ്രകോപിപ്പിക്കുന്ന പ്രധാന ഘടകമാണ്. യുഎസുമായി വലിയതോതില്‍ വ്യാപാരമിച്ചം നിലനിര്‍ത്തുമ്പോഴും റഷ്യ, ബ്രിക്സ് ബാന്ധവമാണ് യുഎസ് സര്‍ക്കാറിനെ ചൊടിപ്പിക്കുന്നത്.
ഇന്ത്യയ്ക്കെതിരെ അവര്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങലിനെതിരെ ആയിരുന്നു. ഈയിനത്തില്‍ ലഭിക്കുന്ന വരുമാനം റഷ്യ ഉക്രെയ്്നെതിരായ യുദ്ധത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്നാണ് വാദം.
മാത്രമല്ല, ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദി ഇക്കാര്യം ഉറപ്പുനല്‍കിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.