
ന്യൂഡല്‍ഹി: 2 ട്രില്യണ്‍ രൂപ (24.51 ബില്യണ്‍ ഡോളര്‍ ) വരെ ഗ്രാമീണ മേഖല നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായേക്കും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഭവന പദ്ധതികള്‍ക്കുമായാണ് ഇത്രയും തുക ചെലവഴിക്കുക. ഫെബ്രുവരി ഒന്നിന് നടക്കുന്ന 2023/24 ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സര്‍ക്കാര്‍ ഗ്രാമവികസന മന്ത്രാലയത്തിന് 1.36 ട്രില്യണ്‍ രൂപ അനുവദിച്ചിരുന്നു. ചെലവഴിക്കല്‍ 1.6 ട്രില്യണ്‍ രൂപവരെ നീളുകയും ചെയ്തു. കോവിഡ് പകര്‍ച്ചവ്യാധി മൂലമുള്ള സമ്മര്‍ദ്ദം പരിഹരിക്കുന്നതിനാണ് ചെലവ് വര്‍ദ്ധിപ്പിച്ചത്.
പകര്‍ച്ച വ്യാധിയ്ക്ക് ശേഷം വിലക്കയറ്റം, കാര്‍ഷികേതര തൊഴില്‍ അവസരങ്ങളുടെ കുറവ് എന്നിവ കാരണം ഗ്രാമീണ മേഖലകള്‍ വലയുകയായിരുന്നു.അതിനാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ പേര്‍ അംഗമായി. നടപ്പുവര്‍ഷം തൊഴില് പദ്ധതിക്കായി 730 ബില്യണ്‍ രൂപയും ഭവന പദ്ധതിക്കായി 200 ബില്യണ്‍ രൂപയുമാണ് സര്‍ക്കാര്‍ വകയിരുത്തിയത്.
ഗ്രാമവികസന മന്ത്രാലയത്തിന്റെ വെബ് സൈറ്റ് പ്രകാരം 632.6 ബില്യണ്‍ രൂപ തൊഴില് പദ്ധതിക്കായി ഇതിനകം ചെലവഴിച്ചു. സ്വകാര്യ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ (സിഎംഐഇ) ഡാറ്റ അനുസരിച്ച് 7 ശതമാനത്തിന് മുകളിലാണ് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക്.