
മുംബൈ: ഈ വർഷത്തെ തിരക്കേറിയ ദീപാവലി ആഴ്ചയിൽ രൂപയുടെ കറൻസി വിനിമയം കുത്തനെയിടിഞ്ഞതായി റിപ്പോർട്ട്. 20 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം.
സാങ്കേതിക വിദ്യയിലെ പുതുമയാർന്ന മാറ്റങ്ങൾ ഇന്ത്യൻ പെയ്മെന്റ് സംവിധാനത്തെ മാറ്റിമറച്ചിരിക്കയാണ്. കൂടാതെ സമ്പദ്‍വ്യവസ്ഥ ഇപ്പോൾ സ്മാർട്ഫോണിലധിഷ്ഠിതമായ പേയ്മെന്റ് സമ്പ്രദായത്തിലേക്ക് മാറിയിരിക്കുന്നു.
“സർക്കാരിന്റെ നിരന്തരമായ പ്രേരണയാണ് ഡിജിറ്റൽ യാത്രയുടെ വിജയത്തിന് പ്രധാന കാരണം. യുപിഐ, വാലറ്റുകൾ, പി.പി.ഐകൾ തുടങ്ങിയ പരസ്പര പ്രവർത്തനക്ഷമമായ പേയ്‌മെന്റ് സംവിധാനങ്ങൾ പണം ഡിജിറ്റലായി കൈമാറുന്നത് ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമാക്കി. ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർക്കു പോലും-” സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് എഴുതിയ റിപ്പോർട്ടിൽ പറയുന്നു.
ക്യു ആർ കോഡ്, എൻ.എഫ്.സി മുതലായ പുതിയ കണ്ടുപിടിത്തങ്ങൾക്കൊപ്പം മേഖല അതിവേഗം വികസിച്ചു. കൂടാതെ ഈ വ്യവസായത്തിൽ വൻകിട ടെക് സ്ഥാപനങ്ങളും പ്രവേശിച്ചു- ഘോഷ് കൂട്ടിച്ചേർത്തു. ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിക്കുന്നത് റിസർവ് ബാങ്കിനും സർക്കാരിനും നേട്ടമാണ്.