
കോട്ടയം: വിവിധ കാരണങ്ങളാല്‍ കേരളത്തില്‍ ഒരു ലക്ഷം ഹെക്ടര്‍ റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കുന്നില്ല. സ്ലോട്ടര്‍ ടാപ്പിംഗിനു ശേഷവും മരങ്ങള്‍ വെട്ടിമാറ്റാത്തതും തൊഴിലാളികളെ കിട്ടാനില്ലാത്തതും ഉടമകള്‍ സ്ഥലത്തില്ലാത്തതും വിലയിലെ വ്യതിയാനവും ഉള്‍പ്പെടെ കാരണങ്ങളാലാണ് ഉത്പാദനം നടക്കാത്തത്.
രാജ്യത്ത് വ്യവസായ ആവശ്യങ്ങള്‍ക്ക് ഈ വര്‍ഷം 14.1 ലക്ഷം ടണ്‍ ആവശ്യമായിരിക്കേ എട്ടു ലക്ഷം ടണ്‍ മാത്രമാണ് ആഭ്യന്തര ഉത്പാദനം. ടയര്‍ നിര്‍മാണം ഉള്‍പ്പെടെ വ്യവസായങ്ങള്‍ക്ക് ആറു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യുന്നു. ടാപ്പിംഗ് വേണ്ടെന്നു വച്ചതിനാല്‍ കേരളത്തില്‍ വര്‍ഷം രണ്ടു ലക്ഷം ടണ്ണിന്‍റെ ഉത്പാദന നഷ്ടമാണുണ്ടാകുന്നത്.
കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടകം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ലക്ഷം ഹെക്ടറില്‍ കൂടി ടാപ്പിംഗ് നടക്കുന്നില്ല. അവിടെയും രണ്ടു ലക്ഷം ടണ്ണിന്‍റെ ഉത്പാദന നഷ്ടമാണുണ്ടാകുന്നത്.
2030ല്‍ ഇന്ത്യയിലെ റബര്‍ ഡിമാന്‍ഡ് 20 ലക്ഷം ടണ്ണിലേക്കുയരും.
ഇന്നത്തെ സാഹചര്യത്തില്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ 10 ലക്ഷം ടണ്ണായിരിക്കും വാര്‍ഷിക ആഭ്യന്തര ഉത്പാദനം. അങ്ങനെയെങ്കില്‍ ഓരോ വര്‍ഷവും 10 ലക്ഷം ടണ്ണിന്‍റെ ഇറക്കുമതി ആവശ്യമായി വരും. അതായത് ആകെ ഡിമാന്‍ഡിന്‍റെ 40-45 ശതമാനവും ഇറക്കുമതിയായിരിക്കും. സംസ്ഥാനത്തെ റബര്‍ കൃഷിയില്‍ 20 ശതമാനവും 30 വര്‍ഷം ടാപ്പിംഗ് പൂര്‍ത്തിയാക്കി വെട്ടിമാറ്റേണ്ട തോട്ടങ്ങളാണ്.
ഡിമാന്‍ഡ് അനുസരിച്ച് റബര്‍ കിട്ടാനില്ലാത്ത സാഹചര്യം നേരിടാനാണ് മുന്‍നിര ടയര്‍ കമ്പനികളുടെ സംഘടന ആത്മ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1100 കോടി രൂപ ചെലവില്‍ 2030നുള്ളില്‍ രണ്ടു ലക്ഷം ഹെക്ടറില്‍ റബര്‍ വ്യാപനം ലക്ഷ്യമിടുന്നത്. ഇതില്‍ 1.25 ലക്ഷം ഹെക്ടറില്‍ കൃഷി നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25,051 കോടി രൂപയുടെ ടയര്‍ കയറ്റുമതിയുണ്ടായി. 25 ശതമാനം തീരുവ ഒഴിവാക്കാന്‍ ഇറക്കുമതി കുറച്ച് അഭ്യന്തര ഉത്പാദനം പരമാവധി വര്‍ധിപ്പിക്കാനാണ് വ്യവസായികളുടെ തീരുമാനം.
വിദേശങ്ങളില്‍ ടയര്‍ നിര്‍മാണത്തില്‍ 60 ശതമാനം സിന്തറ്റിക് റബര്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ 60 ശതമാനവും സ്വാഭാവിക റബറാണ് ഉപയോഗിക്കുന്നത്.