
കൊച്ചി: രാജ്യത്തെ സ്വഭാവിക റബർ ഉത്പാദനം ഉയർച്ചയുടെ പാതയിലെങ്കിലും ഉത്പാദന വിഹിതം കുറഞ്ഞത് കേരളത്തിന്റെ റബർ ഉത്പാദക രംഗത്തെ മേൽക്കൈയ്ക്ക് തിരിച്ചടിയാകുന്നു. കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ രാജ്യത്തെ റബർ ഉത്പാദനത്തിൽ ഏറെ മുന്നിലാണെങ്കിലും പൊതുവായ ഉത്പാദന വിഹിതം കുത്തനെ ഇടിയുകയാണ്.
കേരളത്തിന്റെ വിഹിതം 90 ശതമാനത്തിൽ നിന്ന് 78 ശതമാനമായാണ് ഇടിഞ്ഞത്. ഉത്പാദനത്തിൽ മികവ് പുലർത്തുന്നത് ത്രിപുരയും അസാമുമാണ്. വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളുടെ വിഹിതം പത്തിൽ നിന്ന് പതിനാറ് ശതമാനമായി. ഗോവ, മഹാരാഷ്ട്ര എന്നിവയുടെ വിഹിതം ആറ് ശതമാനമാണ്.
ലക്ഷ്യത്തോടടുത്ത് ഉത്പാദനം
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് സ്വാഭാവിക റബർ ഉത്പാദനം വീണ്ടും എട്ട് ലക്ഷം ടൺ കടക്കുന്നത്. മുൻ സാമ്പത്തിക വർഷം ഉത്പാദനം 8.3 ശതമാനം ഉയർന്ന് 8.39 ലക്ഷം ടണ്ണായിരുന്നു. മുൻവർഷം ഇത് 7.75 ലക്ഷം ടണ്ണായിരുന്നു.
2021-22ൽ വളർച്ചാനിരക്ക് ഏഴ് ശതമാനമായിരുന്നു. 8.40 ലക്ഷം ടൺ ഉത്പാദനം കൈവരിക്കുകയായിരുന്നു റബർ ബോർഡിന്റെ ലക്ഷ്യം. ഇതിനോട് അടുത്തു നിൽക്കുന്ന നേട്ടം കൈവരിക്കാനായത് ആശ്വാസകരമാണ്.
നിലവിൽ കേരളത്തിലെ റബർ വില 159 രൂപയാണ്. റബർ വില 300 രൂപയെങ്കിലും ആയാലേ ഉത്പാദന ചെലവെങ്കിലും ലഭിക്കൂവെന്നാണ് കർഷകർ പറയുന്നത്. സർക്കാരിന്റെ വില സ്ഥിരതാ പദ്ധതിയിൽ കിലോ വില 170 രൂപയിൽ നിന്ന് 250 രൂപയായെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി വ്യാപിപ്പിപ്പിച്ചതും കേരളത്തിലെ തോട്ടങ്ങളിൽ മുടങ്ങിക്കിടന്ന ടാപ്പിംഗ് പുനരാരംഭിച്ചതും പൊതുഉത്പാദന വർദ്ധനവിന് വഴിതെളിച്ചു.
റബർ ബോർഡിന്റെ നേതൃത്വത്തിൽ ഉത്പാദനം ഉയർത്താനും കൃഷി വ്യാപിപ്പിക്കാനും നടത്തിയ ശ്രമങ്ങൾ വലിയ അളവിൽ ഉത്പാദനത്തിന് ഗുണമായി.