ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ടഇന്ത്യൻ വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചുപശ്ചിമേഷ്യയിലെ പ്രതിസന്ധി: പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കുംസംസ്ഥാന-ജില്ലാ ജിഡിപി കണക്കുകള്‍ ഇനി ഏകീകൃതമാകും; പുതിയ കരട് മാനദണ്ഡങ്ങളുമായി കേന്ദ്രം

റബര്‍ വില പുതിയ ഉയരങ്ങളില്‍; ഷീറ്റ് റബറിന് കടുത്ത ക്ഷാമം

കോട്ടയം: വേനലില്‍ ചരക്ക് ലഭ്യത കുറഞ്ഞതോടെ റബര്‍ വിലയില്‍ വീണ്ടും കയറ്റം. 2024 ഓഗസ്റ്റ് പത്തിന് ലഭിച്ച 247 രൂപയാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില. അന്ന് റബര്‍ ബോര്‍ഡ് വിലയേക്കാള്‍ കിലോയ്ക്ക് 12 രൂപ ഉയരത്തില്‍ വ്യാപാരം നടന്നു. നിലവിലെ സാഹചര്യത്തില്‍ റബര്‍ ഷീറ്റ് വില വീണ്ടുമൊരു റിക്കാര്‍ഡ് കുറിക്കാനുള്ള സാധ്യത ഏറെയാണ്.

ചൊവ്വാഴ്ച്ച ആര്‍എസ്എസ് നാലിന് 231 രൂപയും ഗ്രേഡ് അഞ്ചിന് 226 രൂപയുമായിരുന്നു വില. അതേസമയം, ബാങ്കോക്ക് വില 33 രൂപ ഉയരത്തിലാണ്. വ്യാപാരികള്‍ കിലോയ്ക്ക് മൂന്നു രൂപ വരെ അധികം നല്‍കി ഷീറ്റ് വാങ്ങി.

വിദേശവില ദിവസവും റിക്കാര്‍ഡ് കുറിച്ച് മുന്നേറുന്ന സാഹചര്യത്തില്‍ ആഭ്യന്തര വില അടുത്തയാഴ്ച 240 കടന്നേക്കുമെന്നാണ് മാര്‍ക്കറ്റ് സൂചന. പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ റബര്‍ ഇറക്കുമതി പരിമിതമാണ്.

മുന്‍ മാസങ്ങളിലെ വിദേശ ഓര്‍ഡറുകളിൽ‍ കടല്‍പ്രതിസന്ധി മൂലം ചരക്ക് വരവ് കുറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ വിദേശവരവ് നിലച്ചതോടെ സിന്തറ്റിക് റബറിന് വില കുത്തനെ ഉയര്‍ന്നു. ഇതോടെ ഷീറ്റ് റബറും ക്രംബും കൂടുതലായി വ്യവസായികള്‍ ഉപയോഗിക്കുന്നതും വില കൂടാന്‍ കാരണമായി.

മേയ് വരെ റബര്‍ വില ഉയര്‍ന്നു നില്‍ക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മേയില്‍ മഴ ലഭിച്ചാലും ടാപ്പിംഗ് പുനരാരംഭിക്കാനുള്ള സാഹചര്യമില്ല. മഴമറയ്ക്ക് ആവശ്യമായ പ്ലാസ്റ്റിക്കിനും പശയ്ക്കും വില കൂടുക മാത്രമല്ല ലഭ്യതയുമില്ല.

ടാപ്പിംഗ് പുനരാരംഭിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കേ മാര്‍ക്കറ്റില്‍ ചരക്ക് വരവ് നന്നേ കുറവാണ്. ഏറെ കര്‍ഷകരും ലാറ്റക്‌സിലേക്ക് മാറിയതും ഷീറ്റ് വില ഉയരാന്‍ ഇടയാക്കി.

രണ്ടാഴ്ചത്തെ മാന്ദ്യത്തിനുശേഷം ഒട്ടുപാലിനും ലാറ്റക്‌സിലും വില കയറിയതും കര്‍ഷകര്‍ക്ക് നേട്ടമായി. അതേസമയം, റബര്‍ അധിഷ്ഠിത വ്യവസായ മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഉത്പന്നങ്ങള്‍ക്ക് ആവശ്യമായ കെമിക്കലുകള്‍ക്കും മറ്റും വലിയ ക്ഷാമമുണ്ട്. ഗ്യാസ് ക്ഷാമത്തെത്തുടര്‍ന്ന് ക്രംബ് ഫാക്ടറികള്‍ പലതും പൂട്ടി.

റബര്‍ വ്യവസായത്തിന് ആവശ്യമായ രാസവസ്തുക്കളുടെയും നൂലുകളുടെയും കമ്പിയുടെയും ഇറക്കുമതി നിലച്ചത് വന്‍കിട, ചെറുകിട ഫാക്ടറികളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായി. ടയര്‍ ഉത്പാദനച്ചെലവിന്‍റെ 40-45 ശതമാനവും പെട്രോ കെമിക്കല്‍ സാമഗ്രികള്‍ക്കാണ്.

X
Top