ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

താങ്ങുവില മറികടന്ന് റബർ മുന്നേറിയതോടെ വിലസ്ഥിരത പദ്ധതി നിലച്ചു

കോട്ടയം: രണ്ടുവർഷത്തെ ഇടവേളക്കുശേഷം താങ്ങുവിലയ്ക്ക് മുകളിൽ റബർ കച്ചവടം. 180 രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. ഇത് മറികടന്നതിനൊപ്പം റബറിന്‍റെ വ്യാപാരവില ബുധനാഴ്ച കിലോക്ക് 181ലെത്തി. രണ്ടുവർഷത്തിനിടെ ആദ്യമായാണ് ഒരു കിലോ റബറിന്‍റെ വില 180 പിന്നിടുന്നത്.

2021 ഡിസംബറിലായിരുന്നു ഇതിനുമുമ്പ് റബറിന് ഉയർന്ന വില ലഭിച്ചത്. അന്ന് കിലോക്ക് 191 രൂപവരെ ലഭിച്ചെങ്കിലും പിന്നീട് താഴേക്ക് പോയി. റബർ വിലസ്ഥിരതാ പദ്ധതിയനുസരിച്ച് അന്ന് 170 രൂപയായിരുന്നു താങ്ങുവില. ഇത് കഴിഞ്ഞ ബജറ്റിൽ 180 രൂപയായി വർധിപ്പിച്ചിരുന്നു.

ഏപ്രിൽ ഒന്നുമുതൽ വർധന നിലവിൽ വരുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിലെ നിരക്ക് ഇതിനും മുകളിലായതോടെ സാങ്കേതികമായി വിലസ്ഥിരതാ പദ്ധതി ‘നിലച്ചു’. കമ്പോളവിലയും താങ്ങുവിലയും തമ്മിലെ വ്യത്യാസം കർഷകന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ് വിലസ്ഥിരതാ പദ്ധതി.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉൽപാദനം കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ റബർവില കുതിച്ചുകയറുകയാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് ആഭ്യന്തര മാർക്കറ്റിലും വില ഉയരുന്നത്.

എന്നാൽ, അന്താരാഷ്ട്ര മാർക്കറ്റിന് ആനുപാതികമായി ഉയർന്നിട്ടില്ല. ബുധനാഴ്ച ബാങ്കോക്ക് വിപണിയിൽ ഒരു കിലോ റബറിന് 223.77 രൂപയായിരുന്നെങ്കിൽ റബർ ബോർഡ് പ്രഖ്യാപിച്ച വില 186 രൂപയായിരുന്നു.

ഇതിനിടെ, വിലയിടിക്കാൻ ടയർ കമ്പനികൾ നീക്കം തുടങ്ങിയതായി കർഷക സംഘടനകൾ ആരോപിക്കുന്നു. റബർബോർഡ് പ്രഖ്യാപിച്ച വിലയിൽ ചരക്ക് എടുക്കാൻ കമ്പനികൾ തയാറാകുന്നില്ലെന്ന് ഇവർ പറഞ്ഞു.

അന്താരാഷ്ട്ര-ആഭ്യന്തര വിപണികളിൽ റബർ ഷീറ്റിന് ക്ഷാമം തുടരുന്നതിനാൽ സെപ്റ്റംബർവരെ മെച്ചപ്പെട്ട വില ലഭിക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.

X
Top