
ന്യൂഡൽഹി: യുഎസിന്റെ പകരം തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതി മേഖലയ്ക്ക് കരുത്തേകാനായി 25,060 കോടി രൂപ ചെലവിൽ കയറ്റുമതി പ്രോത്സാഹന മിഷന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
ഫെബ്രുവരിയിൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി വൈകിയാണ് യാഥാർഥ്യമാകുന്നത്. 6 വർഷമാണ് പദ്ധതികാലയളവ്. തീരുവയുദ്ധം മൂലം പ്രതിസന്ധിയിലായ സമുദ്രോൽപന്നമേഖല, ടെക്സ്റ്റൈൽസ്, ലെതർ, ജ്വല്ലറി, എൻജിനീയറിങ് ഗുഡ്സ് എന്നിവയ്ക്കായിരിക്കും മുൻഗണന. ഇതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം നിലവിൽ വരും.
വായ്പകളിൽ പലിശയിളവ് നൽകും. ഇ–കൊമേഴ്സ് വഴിയുള്ള കയറ്റുമതിക്കാർക്ക് വായ്പലഭ്യതയ്ക്കായി ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കും. പുതിയ വിപണികളിലേക്ക് ചെറുകിട സംരംഭങ്ങൾക്ക് ചുവടുറപ്പിക്കാനുള്ള പദ്ധതികളുമുണ്ടാകും. മറ്റു രാജ്യങ്ങൾ ഏർപ്പെടുത്തുന്ന തീരുവ ഇതര പ്രതിബന്ധങ്ങൾ നേരിടാനുള്ള പിന്തുണയും നൽകും.
ഉൽപന്നങ്ങളുടെ ടെസ്റ്റിങ്, ഗുണനിലവാര പരിശോധന, ഓഡിറ്റ് എന്നിവയ്ക്ക് സർക്കാർ സഹായമുണ്ടാകും. ബ്രാൻഡിങ് ക്യാംപെയ്നുകളും നടപ്പാക്കും. ചെറുകിട സംരംഭകർക്കും മറ്റും 20,000 കോടി രൂപയുടെ അധിക വായ്പ പിന്തുണ നൽകുന്നതിനായി ക്രെഡിറ്റ് ഗാരന്റി സ്കീം വിപുലപ്പെടുത്തുന്നതിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.






